| Tuesday, 17th June 2025, 6:21 pm

ജനാധിപത്യവും മതേരതരത്വവും വാക്കുകൊണ്ടുള്ള കളികള്‍ മാത്രം; അടിസ്ഥാന ആശയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല; ചര്‍ച്ചയായി ജമാഅത്തെ ഇസ്‌ലാമി മുന്‍ അമീറിന്റെ വാക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരാമര്‍ശത്തെ ചോദ്യം ചെയ്യുന്ന അന്തരിച്ച മുന്‍ ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി. കെ. അബ്ദുള്ളയുടെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു.

ഇവിടെ ജീവിക്കുന്നതിനായാണ് ജമാഅത്തെ ഇസ്‌ലാമി മതേതരത്വം, ജനാധിപത്യം എന്നിങ്ങനെയെല്ലാം പറയുന്നതെന്നും അടിസ്ഥാനപരമായി ജമാഅത്തെ ഇസ്‌ലാമിയുടെ വിശ്വാസങ്ങളില്‍ യാതൊരു മാറ്റവും വരുത്താന്‍ പാടില്ലെന്ന് മുന്‍ അമീര്‍ പറയുന്ന പ്രസംഗത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘കുറച്ചൊക്കെ സൂക്ഷിച്ചാണ് ജമാഅത്തെ ഇസ്‌ലാമി വര്‍ത്താനം പറയുന്നത്. ഇവിടെ ജീവിക്കണ്ടേ… അതിനായി ജനാധിപത്യം മതേതരത്വം എന്നൊക്കെ പറയും. അതൊക്കെ പദം കൊണ്ടുള്ള കളിയാണ്. അടിസ്ഥാനപരമായി വിശ്വാസങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ല. വരുത്തുകയും ഇല്ല,’ എന്നാണ് ടി.കെ. അബ്ദുല്ല പറഞ്ഞത്.

2016ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോള്‍ അത് സംഘടനയുടെ നിലപാടുകള്‍ക്കെതിരാണെന്ന് അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ടി.കെ. അബ്ദുല്ല ഈ പ്രസംഗം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോഴാണ് ജമാഅത്തെ ഇസ്‌ലാമി മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന് വി.ഡി. സതീശന്‍ പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശം പിന്നീട് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

മുസ്‌ലിം സംഘടനകളില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാാമിയെന്നും അവരുടെ പിന്തുണ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം ആര്‍.എസ്.എസിനെതിരായ പോരാട്ടത്തിന്റെ ശക്തി കുറക്കാനുള്ള തന്ത്രമല്ലേയെന്ന് മന്ത്രി മുഹമ്മദ് റിയാസടക്കം ചൂണ്ടിക്കാട്ടി.

കൂടാതെ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തനം പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പ്രത്യയശാസ്ത്രത്തിലൂന്നിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും എന്നിട്ടും എന്തര്‍ത്ഥത്തിലാണ് പ്രതിപക്ഷനേതാവ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും മുഹമ്മദ് റിയാസ് ചോദിച്ചിരുന്നു.

Content Highlight: T. K. Abdullah’s old statement about Jamaat e Islami leads discussion in social media

We use cookies to give you the best possible experience. Learn more