| Saturday, 8th November 2025, 3:31 pm

നസീര്‍ മുതല്‍ ടൊവിനോ വരെയുള്ളവരോടൊത്ത് അഭിനയിച്ചു; എന്നാല്‍ ആ നടന്റെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞില്ല: ടി.ജി രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഭാഗമാകുന്ന പുതിയ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ടി.ജി. രവി. ടൊവിനോ നായകനാകുന്ന ‘പള്ളിച്ചട്ടമ്പി’യിലാണ് ഇപ്പോള്‍ അഭിനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ടി.ജി രവിയും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

സിനിമയുടെ ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ടി.ജി രവി.

‘പള്ളിച്ചട്ടമ്പിയാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചെറുപ്പക്കാരുമൊത്ത് അഭിനയിക്കുമ്പോള്‍ നമ്മളും ചെറുപ്പമാകും. ടൊവിനോയോടൊത്ത് ആദ്യമായാണ് ഞാന്‍ അഭിനയിക്കുന്നത്. തൊടുപുഴയിലാണ് ലൊക്കേഷന്‍. നസീര്‍ മുതല്‍ ടൊവിനോവരെയുള്ളവരോടൊപ്പം അഭിനയിക്കാനായി എന്നത് ഭാഗ്യമായി കരുതുന്നു. ഏറെ ആരാധിച്ചിരുന്ന സത്യനോടൊപ്പം അഭിനയിക്കാനോ അദ്ദേഹത്തെ നേരില്‍ക്കാണാനോ കഴിഞ്ഞില്ലെന്ന സങ്കടമുണ്ട്,’ ടി.ജി രവി പറഞ്ഞു.

താന്‍ അഭിനയിച്ച സിനിമകളിലെ ഏറ്റവും ഇഷ്ടപ്പെട്ട വേഷത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഐ.വി. ശശി സംവിധാനം ചെയ്ത 1921ലെ വാരിയന്‍കുന്നത്ത് മുഹമ്മദ് ഹാജിയെന്ന റോളാണ് ജീവിതത്തില്‍ മറക്കാനാകാത്തതെന്ന് ടി.ജി രവി പറഞ്ഞു. തന്നെയേല്‍പ്പിച്ച റോള്‍ പരമാവധി നന്നായി ചെയ്തിരുന്നുവെന്നും സിനിമയും വന്‍വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി.ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥന്‍. ബാലന്‍ കെ. നായര്‍ക്കൊപ്പം 1970കളിലും 1980കളിലും മലയാള സിനിമയില്‍ ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Content highlight: T.G Ravi sys that he is currently acting in ‘Pallichattambi’ starring Tovino

We use cookies to give you the best possible experience. Learn more