ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിച്ച് മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ ടി. ദിലീപ്. തീവ്രമായ മനോഭാവത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് വിരാട് കോഹ്‌ലിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു ബാറ്ററെന്ന നിലയില്‍ അദ്ദേഹം എങ്ങനെയാണോ അതുപോലെ തന്നെയാണ് ഫീല്‍ഡ് ചെയ്യുമ്പോഴെന്നും അദ്ദേഹം പറഞ്ഞു. വിരാടിന്റെ റിഫ്‌ളക്‌സുകളും ഡൈവുകളും അതിഗംഭീരമാണെന്നും ഫീല്‍ഡിങ്ങിന് വിരാട് എടുക്കുന്ന എഫേര്‍ട്ട് മികച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വിരാട് കോഹ്‌ലി തീവ്രമായ മനോഭാവത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ്. പവര്‍പ്ലേയില്‍ അദ്ദേഹത്തെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഒരു ബാറ്ററെന്ന നിലയില്‍ അദ്ദേഹം എങ്ങനെയാണോ, അതുപോലെ തന്നെയാണ് കവര്‍ പോയിന്റിലോ ഷോര്‍ട്ട് മിഡ് വിക്കറ്റിലോ വിരാട് ഫീല്‍ഡ് ചെയ്യുമ്പോള്‍.
അദ്ദേഹത്തിന്റെ റിഫ്‌ളക്‌സുകളും ഡൈവുകളും അതിഗംഭീരമാണ്. കഴിഞ്ഞ പരമ്പരയിലും അദ്ദേഹം അതേ രീതിയില്‍ ഡൈവുകള്‍ നടത്തി, വളരെ മികച്ച ഫീല്‍ഡിങ്ങാണ് കാഴ്ചവെച്ചത്. എല്ലായ്‌പ്പോഴും കളിയില്‍ സജീവമായി ഇടപെടുന്ന താരമാണ് അദ്ദേഹം.
കരിയറിന്റെ ഈ ഘട്ടത്തിലും ഡെത്ത് ഓവറുകളില്‍ ഒരു എന്‍ഡിലെ ലോങ് ഓണില്‍ നിന്ന് മറ്റേ എന്‍ഡിലെ ലോങ് ഓണിലേക്ക് വരെ അദ്ദേഹം ഓടുന്നു. ഫീല്‍ഡിങ്ങില്‍ സര്‍ക്കിളിന് പുറത്തേക്ക് ആദ്യം ഓടിയെത്തുന്നതും അദ്ദേഹമാണ്. ടീമിനായി ചെയ്യാന്‍ കഴിയുന്ന അതിമനോഹരമായ കാര്യങ്ങളാണിത്.
എന്നാല്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് അദ്ദേഹം പന്ത് തന്റെ അടുത്തെത്തുമ്പോള്‍ മാത്രം കാണിക്കുന്ന പ്രകടനമല്ല. പന്ത് തന്റെ അടുത്തില്ലാത്തപ്പോഴും അത് തന്റെ കൈകളിലെത്തണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.
വിരാട് കോഹ്‌ലിയുടെ കാര്യത്തില്‍ പരിശീലന സെഷനും മത്സരവും തമ്മില്‍ വലിയ വ്യത്യാസമില്ല. കാരണം ഇത് വിരാടിന്റെ മാത്രം സ്വാധീനമല്ല. അദ്ദേഹത്തോടൊപ്പം ഫീല്‍ഡ് ചെയ്യുമ്പോള്‍ മറ്റ് അഞ്ച് താരങ്ങളും സ്വന്തം പരിധികള്‍ മറികടക്കാന്‍ ശ്രമിക്കുന്നു. ടീമിനുള്ളില്‍ വിരാട് കൊണ്ടുവരുന്ന സ്വാധീനം അതാണ്,’ ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് പരിശീലകന്‍ ടി. ദിലീപ് ജിയോസ്റ്റാറില്‍ പറഞ്ഞു.
നിലവില്‍ 2027ലെ ഏകദിന ലോകകപ്പിലാണ് വിരാട് കോഹ്‌ലി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2023ലെ ലോകകപ്പില്‍ ഫൈനല്‍ വരെ എത്തിയെങ്കിലും ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയോട് പരാജയപ്പെടേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ കരീടം നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിരാട് കോഹ് ലിയും ഒപ്പം രോഹിത്തും.