| Sunday, 25th October 2026, 11:23 am

വിജിലൻസിലെ ‘ടി’ ബ്രാഞ്ചിനെ വിവരാവകാശത്തിൽ നിന്ന് ഒഴിവാക്കി; സർക്കാരിനെതിരെ പ്രതിപക്ഷവും നിയമവിദഗ്ധരും

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയിലെ അതീവ നിർണായകമായ ‘ടി’ സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കം വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങളിലേക്ക്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സാധാരണ ജനങ്ങളെ ഭരണകൂടത്തിന്റെ ഓഡിറ്റർമാരാക്കി മാറ്റിയ ചരിത്രപരമായ വിവരാവകാശ നിയമത്തിൽ കേരളത്തിലെ വി.ഡി. സതീശൻ സർക്കാർ വെള്ളം ചേർക്കുകയാണെന്ന വിമർശനമാണ് ഇതോടെ ശക്തമാകുന്നത്. സർക്കാരിന്റെ ഈ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടർ ടി.വിയാണ് പുറത്തുവിട്ടത്.

നേരത്തെ, 2016-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് ബാർ കോഴ, സോളാർ തുടങ്ങിയ വൻ അഴിമതി ആരോപണങ്ങളും കേസുകളും ഉയർന്നുവന്ന സന്ദർഭത്തിൽ ആർ.ടി.ഐ നിയമത്തിലെ 24(4) വകുപ്പ് പ്രകാരം സമാനമായ രീതിയിൽ വിജ്ഞാപനം ഇറക്കിയിരുന്നു.
അന്ന് മന്ത്രിമാരായ കെ. ബാബു, കെ.എം. മാണി എന്നിവർക്കടക്കം രാജിവെക്കേണ്ടി വന്ന രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു ആ നീക്കം.

ഇതിനെതിരെ വിവരാവകാശ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയും കേസ് നീണ്ടുപോവുകയും ചെയ്തു. തുടർന്ന് അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാർ 2022-ൽ ആ വിലക്ക് നീക്കി രേഖകൾ വീണ്ടും വിവരാവകാശ പരിധിയിൽ കൊണ്ടുവന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം വി.ഡി. സതീശൻ സർക്കാർ വീണ്ടും ഉമ്മൻചാണ്ടി സർക്കാരിന്റെ വിവാദ ഉത്തരവിലേക്ക് തിരിച്ചുപോവുകയാണ് ചെയ്തിരിക്കുന്നത്.

മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് 2005-ൽ ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലുകളോടെയും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൂടെയും കൊണ്ടുവന്നതാണ് വിവരാവകാശ നിയമം. ദേശീയതലത്തിൽ കോൺഗ്രസ് തങ്ങളുടെ ഏറ്റവും വലിയ ഭരണനേട്ടമായി ഇന്നും ഉയർത്തിക്കാട്ടുന്ന ഈ നിയമത്തിന്റെ ചിറകരിയുന്ന നിലപാടാണ് കേരളത്തിലെ കോൺഗ്രസ് സർക്കാർ സ്വീകരിക്കുന്നതെന്നതാണ് വലിയ വൈരുധ്യമായി മാധ്യമങ്ങൾ ഉയർത്തികാട്ടുന്നത്.

ഭരണഘടന ഉറപ്പുനൽകുന്ന ‘അറിയാനുള്ള അവകാശം’ എന്ന മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള പുനർജനി കേസടക്കമുള്ള ആരോപണങ്ങളുടെ ഫയലുകൾ പുറത്തുവരാതിരിക്കാനാണോ ഈ തിടുക്കപ്പെട്ട നീക്കമെന്ന സംശയവും ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കോടതിയിൽ വലിയ നിയമപോരാട്ടം നടക്കും.

സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷവിമർശനവുമായി രംഗത്തെത്തി. അധികാരമേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ തീവെട്ടിക്കൊള്ള മറയ്ക്കാനാണ് യു.ഡി.എഫ് സർക്കാർ വിവരാവകാശത്തിന്റെ കഴുത്തുഞെരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും അഴിമതി ഫയലുകൾ ഒളിപ്പിച്ചുവെക്കാൻ വിജിലൻസിലെ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിൽ നിന്ന് വെട്ടിമാറ്റിയത് പകൽക്കൊള്ളക്കാർക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കലാണെന്നും, മുഖ്യമന്ത്രിക്കെതിരെയുള്ള വിജിലൻസ് രേഖകൾ പുറത്തുവന്ന് മുഖം വികൃതമായപ്പോൾത്തന്നെ ഇറങ്ങിയ ഈ വിജ്ഞാപനം ഉന്നതരെ രക്ഷിച്ചെടുക്കാനുള്ള വെപ്രാളമാണെന്നും അദ്ദേഹം പറഞ്ഞു.

വിവരാവകാശ നിയമം തങ്ങളുടെ തറവാട്ടുസ്വത്താണെന്ന് മേനിപറഞ്ഞു നടന്ന കോൺഗ്രസ് അതേ നിയമത്തിന്റെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കുകയാണെന്നും, അറിയാനുള്ള അവകാശത്തിന് വിലങ്ങിട്ട് കൊള്ളമുതൽ പങ്കിട്ടെടുക്കാനുള്ള ഈ നാടകത്തിന് എ.ഐ.സി.സി നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിജിലൻസിന്റെ ടി സെക്ഷനെ ഒഴിവാക്കിയത് വിവരാവകാശ നിയമത്തെ അട്ടിമറിക്കലാണെന്ന് പ്രമുഖ അഭിഭാഷകനും മാധ്യമ നിരീക്ഷകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ പ്രതികരിച്ചു.

മന്ത്രിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർക്കെതിരെയുള്ള അന്വേഷണ വിവരങ്ങൾ ഒരു രഹസ്യ അറയിലേക്ക് മാറ്റി വെളിച്ചം കാണിക്കില്ലെന്ന് പറയുന്നത് ജനാധിപത്യത്തിന് ഹാനികരമാണ്. സർക്കാരിന് അസൗകര്യം ഉണ്ടാക്കുന്ന വിഷയങ്ങളെ ഇരുട്ടിൽ മൂടിവെക്കാനുള്ള ശ്രമമാണിത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിവാദമായ യാത്രകൾ, സംരംഭങ്ങൾ, അവരെ സഹായിച്ച സ്പോൺസർമാരെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയൊന്നും രഹസ്യമാക്കി വെക്കേണ്ട കാര്യങ്ങളല്ലെന്നും അതെല്ലാം സുതാര്യമായി ജനങ്ങൾക്ക് മുന്നിൽ പരസ്യമാകേണ്ടതാണെന്നും വ്യക്തമാക്കിയ അദ്ദേഹം സർക്കാർ ഈ തീരുമാനത്തിൽ നിന്ന് ഉടൻ പിന്നോട്ടുപോകണമെന്നും ആവശ്യപ്പെട്ടു.

വിവരസാങ്കേതിക-വിവരാവകാശ നിയമങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ നീക്കത്തിലെ നിയമസാധുതയെ ചോദ്യം ചെയ്ത് അഡ്വ. ഹരീഷ് വാസുദേവൻ രംഗത്തെത്തി. വിവരാവകാശ നിയമത്തിലെ 24-ാം വകുപ്പ് സുരക്ഷാ ഏജൻസികൾക്കും രഹസ്യാന്വേഷണ ഏജൻസികൾക്കും മാത്രമുള്ളതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഒരു രഹസ്യാന്വേഷണ ഏജൻസിയുടെയോ സുരക്ഷാ വിഭാഗത്തിന്റെയോ അന്വേഷണ റിപ്പോർട്ടുകൾ പാകിസ്ഥാൻ പോലുള്ള അന്യരാജ്യങ്ങൾക്കോ മറ്റോ വിവരാവകാശം വഴി ലഭിച്ചാൽ രാജ്യസുരക്ഷ അപകടത്തിലാകും എന്നതുകൊണ്ടാണ് 24-ാം വകുപ്പ് പ്രകാരം അവയ്ക്ക് ഇളവ് നൽകിയിട്ടുള്ളത്. എന്നാൽ കേരളത്തിലെ വിജിലൻസ് എന്നത് ഒരു അഴിമതി അന്വേഷണ ഏജൻസി മാത്രമാണെന്നും രഹസ്യാന്വേഷണ ഏജൻസിയോ സുരക്ഷാ ഏജൻസിയോ അല്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, അഴിമതി അന്വേഷിക്കുന്ന ഒരു ഏജൻസിയെ സെക്ഷൻ 24-ന്റെ പരിധിയിൽ ഉൾപ്പെടുത്തി വിവരാവകാശത്തിൽ നിന്ന് ഒഴിവാക്കുന്നത് പൂർണമായും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി.

Content Highlight:‘T’ Branch of Vigilance Excluded from RTI; Opposition and Legal Experts Criticize Government

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more