| Sunday, 7th December 2025, 9:05 pm

സുന്നി പെൺകുട്ടികൾ വീട്ടിലിരിക്കും; പൊതുപ്രവർത്തനവും കലാപരിപാടികളും നടത്താൻ കിട്ടില്ല; അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൊതുപ്രവർത്തനവും കലാപരിപാടികളും നടത്താൻ സുന്നി പെൺകുട്ടികളെ കിട്ടില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്.

ഖുർആനിൽ പറയുന്നത് പോലെ പെൺകുട്ടികൾ വീട്ടിൽ ഇരിക്കുമെന്നും മതചിട്ടകൾ അനുസരിച്ച് ആവശ്യത്തിന് മാത്രമേ പുറത്തുപോകാവൂയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

‘ന്യൂജൻ പെൺകുട്ടികളെ വീട്ടിൽ കെട്ടിയിടാൻ ഇനി കിട്ടില്ല പോൽ. അന്യപുരുഷന്മാർക്കിടയിലും പൊതുപ്രവർത്തനം നടത്താനും പാട്ടും ഡാൻസും ഫുട്‍ബോളും കലാപരിപാടികളും നടത്താൻ സുന്നി പെൺകുട്ടികളെ കിട്ടില്ല. ഖുർആൻ നിർദേശിച്ചത് പോലെ അവർ വീട്ടിലിരിക്കും. മതചിട്ടകൾ അനുസരിച്ച് ആവശ്യത്തിന് അവർ പുറത്തുപോകും. പക്ഷെ കാലിൽ കെട്ട് ഉണ്ടാകില്ലെന്ന് മാത്രം,’ അബ്ദുൽ ഹമീദ് ഫൈസി പറഞ്ഞു.

മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മുനവ്വറലി തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് നടത്തിയ പരാമർശത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സ്ത്രീകളുടെ പള്ളി പ്രവേശനം മതം വിലക്കപ്പെടുന്നില്ലെന്നായിരുന്നു ഫാത്തിമയുടെ പരാമർശം. മനോരമയുടെ ഹോർത്തൂസ് വേദിയിൽ നടന്ന സംവാദത്തിലാണ് ഫാത്തിമ ഈക്കാര്യം പറഞ്ഞിരുന്നത്.

മക്കയിൽ സ്ത്രീകൾക്ക് പ്രവേശിക്കുകയും കഅ്‌ബയിൽ സ്പർശിക്കുകയും ചെയ്യുമ്പോൾ കേരളത്തിൽ ഇപ്പോഴും സ്ത്രീകൾക്ക് പള്ളി പ്രവേശനം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവർ.

സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കരുതെന്ന ചട്ടം സാംസ്കാരികമായി ഉണ്ടാക്കിയെടുത്തതാണെന്നും അത് മാറണമെന്നും പള്ളി പ്രവേശനം വുമൺ റെവലൂഷന്റെ ഭാഗമാണെന്നും ഫാത്തിമ നർഗീസ് പറഞ്ഞിരുന്നു.

എന്നാൽ 16 വയസുള്ള ഒരു കുട്ടി പര്യാപ്‌തമായ പഠനത്തിൻ്റെ അഭാവം മൂലം നടത്തിയ പ്രസ്താവനയാണിതെന്നായിരുന്നു മുനവ്വറലി തങ്ങളുടെ പ്രതികരണം.

ഫാത്തിമ നർഗീസിന്റെ പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.

ഫാത്തിമ നർഗീസിന്റെ പ്രസ്താവന മനോഹരവും ചരിത്രപരവുമായ മറുപടിയാണെന്നും ഒരു തലമുറയുടെ മുന്നോട്ടുള്ള നടത്തമാണിതെന്നും സാമൂഹിക നിരീക്ഷകനായ ബഷീർ വള്ളിക്കുന്ന് പറഞ്ഞിരുന്നു.

Content Highlight: SYS State Working Secretary Abdul Hameed Faizi Ambalakadavu about Sunni Girls

We use cookies to give you the best possible experience. Learn more