| Thursday, 25th September 2025, 6:05 pm

യുദ്ധത്തിന്റെ ദുരിതം അറിഞ്ഞവരാണ് ഞങ്ങള്‍; ഗസയ്‌ക്കൊപ്പം; ആറ് പതിറ്റാണ്ടിനു ശേഷം യു.എന്നില്‍ സംസാരിച്ച് സിറിയന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: 60 വർഷത്തിന് ശേഷം ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ. പത്ത് ലക്ഷം ആളുകളെ കൊല്ലുകയും ലക്ഷകണക്കിന് ആളുകളെ പീഡിപ്പിക്കുകയും ചെയ്ത ആറ് പതിറ്റാണ്ടു കാലത്തെ ഏകാധിപത്യത്തിനു ശേഷം സിറിയ അന്താരാഷ്ട്ര സമൂഹത്തിലേക്ക് തിരിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ലോക രാഷ്ട്രങ്ങൾക്കിടയിൽ സിറിയ അതിന്റെ സ്ഥാനം വീണ്ടെടുക്കുകയാണ്,’ അൽ ഷറ പറഞ്ഞു. 1967 ലെ അറബ് ഇസ്രഈൽ യുദ്ധത്തിന് പിന്നാലെ നൂറെദ്ദീൻ അത്താസി നടത്തിയ യു.എന്നിലെ പ്രസംഗത്തിന് ശേഷം പൊതുസഭയെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ സിറിയൻ പ്രസിഡന്റാണ് അൽ ഷറ. കഴിഞ്ഞ ദശകങ്ങളിൽ യു.എന്നിൽ സിറിയയെ അഭിസംബോധന ചെയ്തത് വിദേശകാര്യ മന്ത്രിമാരായിരുന്നു.

1981 ൽ ദമസ്കസിന്റെ നിയന്ത്രണത്തിലായിരുന്ന ഗോലാൻ കുന്നുകളുടെ നിയന്ത്രണം ഇസ്രഈൽ പിടിച്ചെടുത്തു. സോവിയറ്റ് യൂണിയന്റെ സഖ്യകക്ഷിയായിരുന്നതിനാൽ അമേരിക്കയുമായുള്ള സിറിയയുടെ ബന്ധം മോശമായിരുന്നു.

അൽ ഷറയുടെ നേതൃത്വത്തിലുള്ള ആക്രമണത്തിലൂടെ അന്നത്തെ പ്രസിഡന്റ് ബഷർ അസാദിനെ പുറത്താക്കുകയും സിറിയയിൽ 54 വർഷത്തെ അസദ് കുടുംബത്തിന്റെ ഭരണം തകർക്കുകയും ചെയ്തു.

അസദിന്റെ പുറത്താക്കലിന് ശേഷവും ഇസ്രഈൽ തന്റെ രാജ്യത്തിനെതിരായ ഭീഷണികൾ അവസാനിപ്പിച്ചിട്ടില്ലെന്ന് അൽ ഷറ കുറ്റപ്പെടുത്തി.

‘സിറിയയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹം നല്‍കുന്ന പിന്തുണയ്ക്ക് വിരുദ്ധമായാണ് ഇസ്രഈല്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്രഈലിന്റെ ഇടപെടലും നയങ്ങളും സിറിയയെ അപകടത്തിലാക്കുന്നു. മേഖലയില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണുമെന്ന് പോലും ആര്‍ക്കും അറിയില്ല,’ അല്‍ ഷറ പറഞ്ഞു.

ഇസ്രഈൽ സൈന്യത്തെ പിൻവലിക്കുവാനുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണെന്നും ദിവസങ്ങൾക്കുള്ളിൽ ഒരു കരാറിലെത്താൻ കഴിയുമെന്നും അൽ ഷറ പറഞ്ഞു. എന്നാൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകളിൽ ഇതിനെ അനുകൂലിച്ചിരുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയുമായി ചർച്ചകൾ നടത്തിവരികയാണെന്നും നെതന്യാഹുവിന്റെ പ്രസ്താവനയിൽ പറഞ്ഞു.

‘യുദ്ധത്തിന്റെയും നാശത്തിന്റെയും ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് സിറിയ അതിനാൽ ഞങ്ങൾ ഗസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നു ,’ അൽ ഷറ പറഞ്ഞു

Content Highlight:  Syrian President speaks at the UN after six decades

We use cookies to give you the best possible experience. Learn more