| Thursday, 12th June 2025, 4:16 pm

സ്ത്രീകൾ ബീച്ചുകളിൽ ബുർക്കിനി ധരിക്കണം; ഉത്തരവിറക്കി സിറിയൻ സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്കസ്: ബീച്ചുകളിൽ സ്ത്രീകൾ ബുർക്കിനിയോ മാന്യമായ വസ്ത്രങ്ങളോ ധരിക്കണമെന്ന് സിറിയൻ സർക്കാർ. സർക്കാർ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലൂടെയാണ് അറിയിപ്പ്.

മുഖം ഒഴികെ മുഴുവൻ ശരീരവും മൂടുന്ന നീന്തൽ വസ്ത്രമായ ബുർക്കിനി ധരിക്കാനാണ് സിറിയൻ സർക്കാരിന്റെ നിർദേശം. അതേസമയം സ്വകാര്യ ബീച്ചുകൾ, ക്ലബ്ബുകൾ, ഉയർന്ന നിലവാരമുള്ള ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ ബുർക്കിനി ധരിക്കുന്നതിന് ഇളവുകൾ ഉണ്ടെന്നുമാണ് വിവരം.

അഹ് മദ് അൽഷറ നേതൃത്വത്തിലുള്ള സർക്കാരാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പൊതുഇടങ്ങിൽ ബുർക്കിനിയോ നീന്തൽ വസ്ത്രങ്ങളോ നിർബന്ധമായും ധരിക്കണമെന്നും നീന്തൽ സ്ഥലങ്ങൾക്ക് പുറത്ത് മാസ്കുകൾ ധരിക്കണമെന്നും നിർദേശമുണ്ട്.

നീന്തൽ ഒഴികെയുള്ള സന്ദർഭങ്ങളിൽ പുരുഷന്മാർ നർബന്ധമായും ഷർട്ട് ധരിക്കണമെന്നും അല്ലാത്ത പക്ഷം നിയന്ത്രണങ്ങൾ അനുസരിക്കാത്ത സ്ത്രീകൾക്കും പുരഷന്മാർക്കും ശിക്ഷ ലഭിച്ചേക്കാമെന്നും വിവരമുണ്ട്.

സിറിയയെ കൂടാതെ നിരവധി രാജ്യങ്ങളിൽ ബുർക്കിനി ധരിക്കുന്നവരുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി, മലേഷ്യ, ഇന്തോനേഷ്യ, തുടങ്ങിയവിടങ്ങളിലെ മുസ് ലിം സ്ത്രീകൾ ബുർക്കിനി ധരിക്കാറുണ്ട്.

സ്വിമ്മിങ് പൂൾ, ബീച്ചുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മതപരമായ മാന്യതയും തത്വങ്ങളും നിലനിർത്താനായി മുസ് ലിം സ്ത്രീകൾ ഉപയോ​ഗിക്കുന്ന വസ്ത്രമാണ് ബുർക്കിനി.

അതേസമയം നിരവധി രാജ്യങ്ങളിൽ ബുർക്കിനി നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രഞ്ച് മുൻസിപ്പാലിറ്റി കാൻസ്, മൊറോക്കോ, ജർമനി, സ്വിറ്റ്സർലാന്റ് തുടങ്ങിയ ഇടങ്ങളിൽ ബുർക്കിനി നിയന്ത്രിച്ചിട്ടുണ്ട്.

Content Highlight: Syrian government orders women to wear burkinis on beaches

We use cookies to give you the best possible experience. Learn more