| Saturday, 17th January 2026, 6:25 pm

അലപ്പോയില്‍ സൈനിക നീക്കം; കുര്‍ദിഷ് ഭാഷയ്ക്കും പൗരത്വത്തിനും സിറിയന്‍ സര്‍ക്കാരിന്റെ അംഗീകാരം

യെലന കെ.വി

ദമാസ്‌ക്കസ്‌:  വടക്കന്‍ സിറിയയിലെ അലപ്പോ നഗരത്തിന് കിഴക്ക് കുര്‍ദിഷ് നിയന്ത്രണത്തിലുള്ള മേഖലകളില്‍ ശക്തമായ ആക്രമണം ആരംഭിച്ച് സിറിയന്‍ സൈന്യം. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ താവളമായ ഡേ ഹാഫര്‍ ലക്ഷ്യമിട്ടാണ് സൈനിക നടപടി.

അലപ്പോ നഗരത്തിന് നേരെ ഭീകരാക്രമണങ്ങള്‍ നടത്താന്‍ കുര്‍ദിഷ് സേന ഈ പ്രദേശം ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സൈന്യത്തിന്റെ നീക്കം. ആക്രമണത്തിന് മുന്നോടിയായി സൈന്യം കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് നാലായിരത്തോളം ആളുകള്‍ മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോയതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ തങ്ങളുടെ സേനയെ യുഫ്രട്ടീസ് നദിയുടെ കിഴക്കന്‍ തീരത്തുനിന്ന് പിന്‍വലിക്കുമെന്ന് എസ്.ഡി.എഫ്. മേധാവി മസ്ലൂം അബ്ദി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള ചര്‍ച്ചകളെത്തുടര്‍ന്നാണ് ഈ പിന്മാറ്റമെന്നാണ് സൂചന.

കുര്‍ദിഷ് ജനതയെ ചേര്‍ത്തുപിടിച്ച് സിറിയയുടെ ഇടക്കാല പ്രസിഡന്റ് അബു മുഹമ്മദ് അല്‍-ജൊലാനി രംഗത്തെത്തി.

സിറിയയിലെ കുര്‍ദിഷ് വംശജരുടെ പൗരത്വ പ്രതിസന്ധി പരിഹരിക്കുമെന്നും, കുര്‍ദിഷ് ഭാഷയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ കുര്‍ദിഷ് പുതുവര്‍ഷമായ നൗറൂസ് പൊതുഅവധിയായി പ്രഖ്യാപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം സിറിയയിലെ ജനങ്ങള്‍ക്കിടയിലുണ്ടായ ഭിന്നതകള്‍ പരിഹരിക്കാനാണ് ഇടക്കാല സര്‍ക്കാര്‍ നിലവില്‍ ശ്രമിക്കുന്നത്.

content highlight: Syrian army announces full control of Deir Hafer after SDF withdrawal

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more