വാഷിങ്ടൺ: സിറിയയുടെ ഐക്യം തുർക്കിക്ക് പ്രധാനമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ.
സിറിയയുടെ സംഭവവികാസങ്ങൾ തുർക്കി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സിറിയയുടെ ഐക്യദാർഢ്യവും പ്രാദേശിക സമഗ്രത എന്നിവ തുർക്കിക്ക് പ്രധാനമാണെന്നും എർദോഗൻ പറഞ്ഞു.
ഇരുവരും നടത്തിയ ഫോൺ സംഭാഷണത്തിൽ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും പ്രാദേശിക ആഗോള വിഷയങ്ങളെ കുറിച്ചും ചർച്ച ചെയ്‌തെന്ന് തുർക്കി കമ്മ്യൂണിക്കേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു.
ഐ.എസിനെതിരായ പോരാട്ടത്തെക്കുറിച്ചും സിറിയൻ ജയിലുകളിലെ ഐ.എസ് അംഗങ്ങളുടെ അവസ്ഥയെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങൾ കൈമാറി.
ഗസയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എർദോഗൻ പറഞ്ഞു. ഈ വിഷയത്തിൽ യു.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ ബോർഡിലേക്ക് ക്ഷണിച്ചതിന് അദ്ദേഹം ട്രംപിനോട് നന്ദി പറഞ്ഞു. മറ്റു രാഷ്ട്രത്തലവന്മാരെയും സർക്കാരുകളെയും ബോർഡിലെ അംഗത്വം സ്വീകരിക്കുന്നതിനിനായി ട്രംപ് നേരത്തെ ക്ഷണിച്ചിരുന്നു.
ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ ചേരാൻ ഇസ്രഈൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു സമ്മതമറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ബോർഡ് ഓഫ് പീസിന്റെ ഗസ എക്സിക്യൂട്ടീവ് ബോർഡിയുടെ ഘടന രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ഇസ്രഈൽ നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയായിരുന്നു നെതന്യാഹുവിന്റെ പുതിയ പ്രസ്‌താവന.
ഗാസയുടെ താൽക്കാലിക ഭരണത്തിന് മേൽനോട്ടം വഹിക്കുക എന്നതാണ് ബോർഡ് ഓഫ് പീസിന്റെ ലക്ഷ്യം.
ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇത് വികസിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു.
എന്നാൽ ആഗോള പ്രശ്‌നങ്ങൾക്കായുള്ള ഇത്തരമൊരു ബോർഡ് ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നയതന്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
വൈറ്റ് ഹൗസ് ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്തവരിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരും ഉൾപ്പെടുന്നു.
യു.എസ് ഭരണകൂടം 60 രാജ്യങ്ങൾക്ക് അയച്ച കരട് ചാർട്ടറിൽ അംഗത്വത്തിന് മൂന്ന് വർഷത്തിൽ കൂടുതൽ കാലാവധി വേണമെങ്കിൽ ഒരു ബില്യൺ ഡോളർ നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബ്ലൂംബെർഗ് പുറത്തുവിട്ട കരട് രേഖയിലാണ് സമാധാന ബോർഡിലെ സ്ഥിരാംഗത്വത്തിനായി രാജ്യങ്ങൾ 100 കോടി ഡോളർ നൽകണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകളുള്ളത്.
Content Highlight: Syria, Gaza unity is important to Turkey; Erdogan tells Trump