ഡമാസ്‌കസ്: സിറിയയില്‍ ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ പ്രക്ഷോഭം. ഇദ്ലിബ്, ഹാമ, റഖ, ഡെയര്‍ അല്‍-സോര്‍, ഹസക അടക്കമുള്ള നഗരങ്ങളില്‍ റോഡുകള്‍ ഉപരോധിച്ചും ടയറുകള്‍ കത്തിച്ചും ജനങ്ങള്‍ പ്രതിഷേധിക്കുന്നതായി പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അലെപ്പോ-ഡമസ്‌കസ് നഗരങ്ങള്‍ക്കിടയിലെ അന്താരാഷ്ട്ര പാതയും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
അലെപ്പോയ്ക്കും ഡമാസ്‌കസിനും ഇടയിലുള്ള എം ഫൈവ് അന്താരാഷ്ട്ര പാതയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുന്നതിന്റെയും ടയറുകള്‍ കത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ മുഴക്കി. അന്താരാഷ്ട്ര പാത മണിക്കൂറുകളോളമാണ് ഉപരോധിക്കപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇഡ്ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖൂണിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വടക്കുകിഴക്കന്‍ സിറിയയില്‍, ഹസകയുടെയും റഖയുടെയും ഗ്രാമീണ മേഖലകളില്‍ പ്രതിഷേധക്കാര്‍ റോഡുകള്‍ തടഞ്ഞു. പ്രതിഷേധക്കാര്‍ ചില എണ്ണ ടാങ്കറുകളെ തടഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിറിയയില്‍ പുതിയ ഇന്ധന നിരക്കുകള്‍ ഈ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. സിറിയയിലെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും ധാതുവിഭവങ്ങളുടെയും വിലനിര്‍ണ്ണയത്തിനായുള്ള സ്ഥിരം സമിതി പുതിയ താല്‍ക്കാലിക വിലവിവരപ്പട്ടിക പുറത്തിറക്കിയത് പ്രകാരമായിരുന്നു പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. ഇതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്.
പുതിയ വിലനിര്‍ണ്ണയ പ്രകാരം പെട്രോളിന് 28 ശതമാനം വില കൂടി. ഡീസലിന് 40 ശതമാനവും വില വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയിലെ സമ്മര്‍ദ്ദങ്ങളും ആഭ്യന്തര വിതരണത്തിലെ പരിമിതികളും കാരണമാണ് വില വര്‍ധിപ്പിക്കേണ്ടി വന്നതെന്ന് ഊര്‍ജ്ജ മന്ത്രി മുഹമ്മദ് അല്‍ ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
രാജ്യത്ത് പ്രതിദിനം ഏകദേശം 300,000 ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ആവശ്യമാണെന്നാണ് സിറിയന്‍ ഊര്‍ജ മന്ത്രാലയം പറയുന്നത്. സിറിയയില്‍ എണ്ണയുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രതിദിനം ഏകദേശം 100,000 ബാരല്‍ മാത്രമാണ്. അതിനാല്‍ ഇറക്കുമതിയെ ആശ്രയിച്ചാണ് സിറിയയിലെ ഇന്ധന വിതരണം മുന്നേട്ട് പോകുന്നത്. രാജ്യത്ത് പ്രതിദിന ഡീസല്‍ വിതരണത്തിന്റെ 60 ശതമാനത്തോളം ഇറക്കുമതി ചെയ്ത ഇന്ധനമാണ്.
രാജ്യത്ത് പ്രതിദിനം ഏകദേശം 7.72 ദശലക്ഷം ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണക്ക്. അതില്‍ 4.63 ദശലക്ഷം ലിറ്റര്‍ ഇറക്കുമതി ചെയ്യുകയാണ്. 3.09 ദശലക്ഷം ലിറ്റര്‍ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
യു.എസ്- ഇറാന്‍ യുദ്ധത്തിന്റെ ഭാഗമായി ഹോര്‍മുസിലെ ഗതാഗതം തടഞ്ഞതിനെത്തുടര്‍ന്നുള്ള ആഗോള എണ്ണ പ്രതിസന്ധി സിറിയയെയും ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ യെമനിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ചെങ്കടലിലേക്കുള്ള ബാബ് അല്‍ മന്ദബ് കപ്പല്‍ പാതയിലുണ്ടായ തടസങ്ങളും ആഗോള എണ്ണ പ്രതിസന്ധിയെ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.
സിറിയയിലെ ബനിയാസ് റിഫൈനറിയില്‍ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളും വിലവര്‍ധനവിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പ്രധാനപ്പെട്ട റിഫൈനറിയാണ് ബനിയാസിലേത്. ഈ നവീകരണത്തിലൂടെ പ്രതിദിന ഉല്‍പ്പാദന ശേഷി 80,000 ബാരലില്‍ നിന്ന് 130,000 ബാരലായി ഉയര്‍ത്താന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.
എണ്ണ വിലവര്‍ദ്ധനവ് താല്‍ക്കാലികമാണെന്ന് സിറിയന്‍ ഊര്‍ജമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പ്രതികരിച്ചു. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് വിലകള്‍ തുടര്‍ന്നും അവലോകനം ചെയ്യുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഇന്ധനവില വര്‍ദ്ധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി ഊര്‍ജ്ജ മന്ത്രി മുഹമ്മദ് അല്‍-ബഷീറിനെ വിളിച്ചുവരുത്താന്‍ സിറിയന്‍ പാര്‍ലമെന്റായ പീപ്പിള്‍സ് അസംബ്ലി തീരുമാനിച്ചു. പീപ്പിള്‍സ് അസംബ്ലിയുടെ ഊര്‍ജ്ജ സമിതി അധ്യക്ഷന്റെ ആവശ്യപ്രകാരമാണ് ഈ നടപടി.
വ്യാഴാഴ്ച ഉച്ചയ്ക്ക് പീപ്പിള്‍സ് അസംബ്ലി ആസ്ഥാനത്ത് വച്ചാണ് മന്ത്രിയുടെ വിശദീകരണം തേടുക. വില വര്‍ദ്ധനവിനുള്ള കാരണങ്ങള്‍, ആ തീരുമാനത്തിന് പിന്നിലെ സാഹചര്യങ്ങള്‍, പരിഗണിച്ച ഘടകങ്ങള്‍ എന്നിവയെക്കുറിച്ച് മന്ത്രിയുടെ വിശദീകരണം തേടുമെന്ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിറിയയില്‍ ബഷാര്‍ അല്‍ അസദിന്റെ ഭരണം അവസാനിച്ച ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് അസദ് ഭരണം സിറിയയില്‍ അവസാനിച്ചത്.
വില വര്‍ധനവ് സോഷ്യല്‍ മീഡിയയിലും ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വര്‍ഷങ്ങളായി സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സിറിയന്‍ ജനതയ്ക്ക് ഈ വിലവര്‍ധനവ് കൂടുതല്‍ ദുരിതം സമ്മാനിച്ചതായും വിലയിരുത്തപ്പെടുന്നു. സിറിയയില്‍ 90 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കണക്ക്. 2011-ല്‍ സിറിയന്‍ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തെ മൂന്നിലൊന്ന് പേരായിരുന്നു ദാരിദ്ര്യ രേഖക്ക് താഴെയുണ്ടായിരുന്നവര്‍.
Content Highlight: Syria protests spread as fuel prices rise by up to 40 percent