| Tuesday, 10th February 2026, 9:54 am

മുസ്‌ലിങ്ങള്‍ക്കുനേരെയുള്ള പ്രതീകാത്മക വെടിവെയ്പ്പ്; ഹിമന്തയ്‌ക്കെതിരെ പരാതി നല്‍കി ഉവൈസി

നിഷാന. വി.വി

ന്യൂദല്‍ഹി: അസം ബി.ജെ.പിയുടെ ഔദ്യാഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പ്രചരിച്ച മുസ്‌ലിങ്ങള്‍ക്കുനേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുന്ന വീഡിയോയില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ പരാതി നല്‍കി ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) മേധാവി അസദുദ്ദീന്‍ ഉവൈസി.

മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദ് പൊലീസിലാണ് ഉവൈസി പരാതി നല്‍കിയത്.

മുസ്‌ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തുക, രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ ആരോപണങ്ങള്‍ ഉന്നയിക്കുക തുടങ്ങിയ മനഃപൂര്‍വവും ദ്രോഹപരവുമായ പ്രവൃത്തികള്‍ക്കെതിരെയാണ് കേസ് കൊടുത്തിരിക്കുന്നത്.

നിര്‍ഭാഗ്യവശാല്‍ വംശഹത്യാപരമായ വിദ്വേഷ പ്രസംഗം ഇന്ന് സാധാരണ സംഭവമായി മാറിയിരിക്കുകയാണന്നും ഉവൈസി പറഞ്ഞു.

എന്നാല്‍ തനിക്ക് ഒരു വീഡിയോയെക്കുറിച്ചും അറിയില്ലെന്നാണ് വിഷയത്തില്‍ ഹിമന്തയുടെ പ്രതികരണം.

‘ഒരു വീഡിയോയെക്കുറിച്ചും എനിക്കൊന്നുമറിയില്ല. എനിക്കെതിരെ എന്തെങ്കിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ. എനിക്കൊരു എതിര്‍പ്പുമില്ല, ഞാന്‍ ജയിലില്‍ പോവാന്‍ തയ്യാറാണ്. ഞാന്‍ എപ്പോഴും എന്റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കും. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഞാന്‍ എതിര്‍ക്കുന്നു. അതെപ്പോഴും തുടരും,’ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പോയിന്റ് ബ്ലാങ്ക് ഷൂട്ട് എന്ന അടിക്കുറിപ്പോടെ അസം ബി.ജെ.പി.യാണ് ഹിമന്ത ബിശ്വ ശര്‍മ മുസ്‌ലിങ്ങള്‍ക്കെതിരെ വെടിയുതിര്‍ക്കുന്ന വീഡിയോ പങ്കുവെച്ചത്.

എന്നാല്‍ സംഭവം വിവാദമായതോടെ വീഡിയോ ഹാന്‍ഡിലില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

മിയ മുസ് ലിങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളെ തുടര്‍ന്ന് നേരത്തേയും ഹിമന്തയ്ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

ദിഗ്ബോയില്‍ നടന്ന പരിപാടിയില്‍ പരാമാവധി മിയ മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.

മിയ മുസ്‌ലിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മിയ മുസ്‌ലിമിന്റെ ഓട്ടോ വിളിച്ചാല്‍ അഞ്ച് രൂപയാണെങ്കില്‍ നാല് രൂപ മാത്രം കൊടുത്താല്‍ മതിയെന്നടക്കമുള്ള പ്രസ്താവനകളും ഹിമന്ത നടത്തിയിരുന്നു.

ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അസം മുഖ്യമന്ത്രിയുടെ പ്രസംഗം ഭരണഘടനാ തത്വങ്ങള്‍ക്കും ന്യൂനപക്ഷ അവകതാശങ്ങള്‍ക്കും ഭീഷണിയാണെന്ന കാണിച്ച് ആക്ടിവിസ്റ്റായ ഹര്‍ഷ് മന്ദറും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Content Highlight: Symbolic shooting at Muslims; Owaisi files complaint against Himanta

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more