സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അസമിനെ തകര്‍ത്ത് മുംബൈ. ഏകാനാ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 98 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് മുംബൈ നേടിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അസം 19.1 ഓവറില്‍ 122 റണ്‍സിന് പുറത്താകുകയായിരുന്നു.
ക്യാപ്റ്റനും സൂപ്പര്‍ പേസ് ബൗളറുമായ ഷര്‍ദുല്‍ താക്കൂറിന്റെയും വെടിക്കെട്ട് ബാറ്റര്‍ സര്‍ഫറാസ് ഖാന്റെയും കരുത്തിലാണ് മുംബൈ വിജയം നേടിയത്. താക്കൂര്‍ മൂന്ന് ഓവറില്‍ 23 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് നേടിയത്.
സര്‍ഫറാസ് മൂന്നാമനായി ബാറ്റ് ചെയ്ത് 47 പന്തില്‍ ഏഴ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 100 റണ്‍സും നേടി. സര്‍ഫറാസ് തന്റെ ടി-20 കരിയറില്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണിത്.
ഇതോടെ ബി.സി.സി.ഐക്ക് വലിയ മുന്നറിയിപ്പാണ് താരം നല്‍കിയത്. ഇന്ത്യ എ ടീമില്‍ നിന്നും ടെസ്റ്റ് ടീമില്‍ നിന്നും നേരത്തെ സര്‍ഫറാസ് ഒഴിവാക്കപ്പെട്ടിരുന്നു. മാത്രമല്ല വരാനിരിക്കുന്ന ഐ.പി.എല്ലിലും താരം ശ്രദ്ധിക്കപ്പെടുമെന്നത് ഉറപ്പാണ്.
അതേസമയം മത്സരത്തില്‍ മുംബൈക്ക് വേണ്ടി ഓപ്പണര്‍ അജിന്‍ക്യാ രഹാനെ 33 പന്തില്‍ 42 റണ്‍സ് നേടി. സിറാജ് പാട്ടില്‍ 25* റണ്‍സും നേടിയിരുന്നു. മത്സരത്തില്‍ അസമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് അഞ്ചാമനായി ഇറങ്ങിയ സിബ്ശങ്കര്‍ റോയിയാണ്. 33 പന്തില്‍ 43 റണ്‍സാണ് താരം നേടിയത്.
താക്കൂറിന് പുറമെ മുംബൈക്ക് വേണ്ടി സിറാജ് പാട്ടിലും അതര്‍വ അങ്കുലേക്കറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷംസ് മുലാനി ഒരു വിക്കറ്റും നേടിയിരുന്നു. ഈ വിജയത്തോടെ മുംബൈ എ ഗ്രൂപ്പില്‍ നാലില്‍ നാലും വിജയിച്ച് ഒന്നാം സ്ഥാനത്താണ്. 16 പോയിന്റുകളാണ് ടീമിനുള്ളത്.