| Tuesday, 2nd December 2025, 10:20 pm

ഇത് സഞ്ജുവിന് ഭീഷണിയാണ്; സൈദ് മുഷ്താഖ് അലി ട്രോഫിയിലെ 'പരാജയത്തില്‍' പണി കിട്ടുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ വിദര്‍ഭയോട് പരാജയപ്പെട്ടിരിക്കുകയാണ് കേരളം. ഏകാനാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് കേരളം വഴങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് പുറത്തായപ്പോള്‍ 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിദര്‍ഭ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ കേരത്തിന് വേണ്ടി ക്യാപ്റ്റനും ഓപ്പണറുമായ സഞ്ജു സാംസണിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു. നാല് പന്തില്‍ നിന്ന് ഒരു റണ്‍സാണ് താരം നേടിയത്. സീസണില്‍ സഞ്ജുവിന്റെ ആദ്യ സിംഗിള്‍ ഡിജിറ്റാണിത്.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ 51* റണ്‍സും റെയ്ല്‍വേയ്‌സിനെതിരെ 19 റണ്‍സും ചത്തീസ്ഗഢിനെതിരെ 43 റണ്‍സുമാണ് സഞ്ജു നേടിയത്. എന്നിരുന്നാലും വരാനുള്ള മത്സരങ്ങളില്‍ സിംഗിള്‍ ഡിജിറ്റിന് പുറത്താകാതിരിക്കുന്നതാണ് സഞ്ജുവിന് നല്ലത്.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള ടി-20 പരമ്പര മുന്നിലുള്ളതിനാല്‍ താരം മോശം സ്‌കോറില്‍ പുറത്താകുന്നത് ഭീഷണിയായേക്കും. നിലവില്‍ ടൂര്‍ണമെന്റിലെ പോയിന്റ് പട്ടികയില്‍ എലൈറ്റ് എയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. രണ്ട് തോല്‍വിയും രണ്ട് വിജയവും ഉള്‍പ്പെടെ എട്ട് പോയിന്റാണ് സഞ്ജുവിന്റെ കേരളത്തിന്.

അതേസമയം മത്സരത്തില്‍ വിഷ്ണു വിനോദും രോഹന്‍ കുന്നുമ്മലും മാത്രമാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്. രോഹന്‍ കുന്നുമ്മല്‍ 35 പന്തില്‍ 58 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് 37 പന്തില്‍ 65 റണ്‍സെടുത്തു.

ഇവര്‍ക്ക് പുറമെ 16 റണ്‍സെടുത്ത അബ്ദുള്‍ ബാസിത് മാത്രമാണ് കേരളനിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. വിദര്‍ഭക്കായി യാഷ് താക്കൂര്‍ 16 റണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റ് വീഴ്ത്തി.

Content highlight: Syed Mushtaq Ali Trophy: Kerala lose Against Vidarbha, Sanju Samson out for one run

Latest Stories

We use cookies to give you the best possible experience. Learn more