| Thursday, 20th November 2025, 8:38 pm

ബെംഗളൂരുവിന്റെ 49 റണ്‍സിനേക്കാള്‍ കുറവ്; നാണക്കേടിന്റെ റെക്കോഡ് അങ്ങ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ നാണക്കേടിലേക്ക് തള്ളിയിട്ട് മെല്‍ബണ്‍ സ്റ്റാര്‍സ്. നോര്‍ത്ത് സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ സിക്‌സേഴ്‌സിനെ വെറും 42 റണ്‍സിന് പുറത്താക്കിയാണ് സ്റ്റാര്‍സ് കൂറ്റന്‍ വിജയം സ്വന്തമാക്കിയത്.

വനിതാ ബി.ബി.എല്‍ ചരിത്രത്തിലെ ഏറ്റവും മോശം രണ്ടാമത് ടോട്ടലിന്റെ റെക്കോഡും സിക്‌സേഴ്‌സിന് ചാര്‍ത്തിക്കൊടുത്താണ് സ്റ്റാര്‍സ് വിജയമാഘോഷിച്ചത്. നാല് വിക്കറ്റ് വീഴ്ത്തിയ കിം ഗാര്‍ത്തിന്റെ പ്രകടനമാണ് സിക്‌സേഴ്‌സിന് മോശം നേട്ടം സമ്മാനിച്ചത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്റ്റാര്‍സ് മെഗ് ലാന്നിങ്ങിന്റെ സെഞ്ച്വറി കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 219ലെത്തി. 74 പന്ത് നേരിട്ട ലാന്നിങ് 74 പന്തില്‍ 135 റണ്‍സ് നേടി. 22 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 34 പന്തില്‍ 50 റണ്‍സടിച്ച റിസ് മെക്കെന്നയുടെ പ്രകടനവും സ്റ്റാര്‍സ് നിരയില്‍ നിര്‍ണായകമായി.

മോശം കാലാവസ്ഥ മൂലം സിക്‌സേഴ്‌സിന്റെ വിജയലക്ഷ്യം പത്ത് ഓവറില്‍ 154 ആയി പുനര്‍നിര്‍ണയിച്ചിരുന്നു.

155 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിറങ്ങിയ സിക്‌സേഴ്‌സ് നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കണ്ടില്ല. ആറ് പന്തില്‍ ഒമ്പത് റണ്‍സ് നേടിയ എല്ലിസ് പെറിയാണ് ടോപ് സ്‌കോറര്‍.

സിക്‌സേഴ്‌സിനായി കിം ഗാര്‍ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സോഫി ഡേ, ക്യാപ്റ്റന്‍ അന്നബെല്‍ സതര്‍ലന്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. ലോറന്‍ കുവ റണ്‍ ഔട്ടാപ്പോള്‍ മെയ്‌സി ഗിബ്‌സണ്‍ ഒരു വിക്കറ്റും വീഴ്ത്തി. ഒടുവില്‍ 7.4 ഓവറില്‍ സിക്‌സേഴ്‌സ് 42ന് പുറത്തായി.

വനിതാ ബിഗ് ബാഷ് ലീഗിലെ ഏറ്റവും ചെറിയ രണ്ടാമത് സ്‌കോറാണിത്.

ഡബ്ല്യൂ.ബി.ബി.എല്ലിലെ ഏറ്റവും ചെറിയ ടോട്ടലുകള്‍

(സ്‌കോര്‍ – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

29 – മെല്‍ബണ്‍ സ്റ്റാര്‍സ് – അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് – 2023

42 – സിഡ്‌നി സിക്‌സേഴ്‌സ് – മെല്‍ബണ്‍ സ്റ്റാര്‍സ് – 2025*

66 – ബ്രിസ്‌ബെയ്ന്‍ ഹീറ്റ് – മെല്‍ബണ്‍ റെനെഗെഡ്‌സ് – 2017

66 – ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് – സിഡ്‌നി സിക്‌സേഴ്‌സ് – 2017

68 – മെല്‍ബണ്‍ റെനെഗെഡ്‌സ് – സിഡ്‌നി തണ്ടര്‍ – 2018

എന്നാല്‍ വനിതാ ടി-20യിലെ ഏറ്റവും മോശം റെക്കോഡുകള്‍ പരിശോധിക്കുമ്പോള്‍ ഇത് അത്രകണ്ട് മോശം സ്‌കോറല്ല. വനിതാ ടി-20യുടെ ചരിത്രമെടുക്കുമ്പോള്‍ ഏറ്റവും ചെറിയ ടോട്ടലുകളുടെ പട്ടികയിലെ ആദ്യ 200ല്‍ പോലും സിക്‌സേഴ്‌സിന്റെ ഈ ഇന്നിങ്‌സ് ഇടം പിടിച്ചിട്ടില്ല.

അതേസമയം, ഈ വിജയത്തോടെ മെല്‍ബണ്‍ സ്റ്റാര്‍സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയവുമായി അഞ്ച് പോയിന്റാണ് സ്റ്റാര്‍സിനുള്ളത്. നാല് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയുമായി നാല് പോയിന്റോടെ സിക്‌സേഴ്‌സ് അഞ്ചാമതാണ്.

നവംബര്‍ 22നാണ് സിക്‌സേഴ്‌സ് അടുത്ത മത്സരത്തിനിറങ്ങുന്നത്. ഹൊബാര്‍ട്ട് ഹറികെയ്ന്‍സാണ് എതിരാളികള്‍. തൊട്ടടുത്ത ദിവസം മെല്‍ബണ്‍ സ്റ്റാര്‍സ് ബ്രിസ്‌ബെയ്ന്‍ ഹീറ്റിനെ നേരിടും.

Content Highlight: Sydney Sixers set an unwanted record of 2nd lowest total in WBBL history

We use cookies to give you the best possible experience. Learn more