| Thursday, 11th September 2025, 12:02 pm

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും അഭിപ്രായസ്വാതന്ത്ര്യത്തേയും സംരക്ഷിക്കണമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്; ആദ്യം സ്വന്തം രാജ്യത്തെ വിവേചനം അവസാനിപ്പിക്കൂവെന്ന് മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളേയും മാധ്യമസ്വാതന്ത്ര്യത്തേയും സംബന്ധിച്ച് രൂക്ഷമായി വിമര്‍ശിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ്. പിന്നാലെ, സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഈ വിമര്‍ശനത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിക്കൊണ്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ രംഗത്തെത്തി.

സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളും വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുമതി സ്വിറ്റ്‌സര്‍ലാന്‍ഡ് ഇന്ത്യയെ പഠിപ്പിക്കാനെന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ക്ഷിതിജ് ത്യാഗി തിരിച്ചടിച്ചു.

ലോകത്തെ ഏറ്റവും വലുതും വൈവിധ്യമുള്ളതും ഊര്‍ജസ്വലവുമായ രാജ്യമാണ് ഇന്ത്യയെന്ന് ത്യാഗി ജനീവയില്‍ ചേര്‍ന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ വിശദീകരിച്ചു.

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ക്ഷിതിജ് ത്യാഗി

സ്വിറ്റ്‌സര്‍ലാഡിന്റെ പരാമര്‍ശം അമ്പരപ്പിച്ചെന്നും ഈ ആരോപണങ്ങള്‍ കഴമ്പില്ലാത്തതും വസ്തുതകള്‍ വളച്ചൊടിക്കപ്പെട്ട നിലയിലുള്ളതാണെന്നും ത്യാഗി പ്രതികരിച്ചു.

തങ്ങളെ പഠിപ്പിക്കുന്നതിനുപകരം സ്വന്തം രാജ്യത്തെ വംശീയതയും വിവേചനവും അവസാനിപ്പിക്കൂവെന്ന് ക്ഷിതിജ് ത്യാഗി സ്വിറ്റ്‌സര്‍ലാന്‍ഡിനോട് പറഞ്ഞു.

‘സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്’, എന്നായിരുന്നു ബുധനാഴ്ച സ്വിറ്റ്‌സര്‍ലാന്‍ഡ് ഐക്യരാഷ്ട്രസഭയില്‍ പറഞ്ഞത്.

എന്നാല്‍, ഇന്ത്യയുടെ അടുത്തസുഹൃത്തായ സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ പ്രതികരണം അമ്പരപ്പിച്ചെന്ന് ആവര്‍ത്തിച്ച ഇന്ത്യന്‍ നയതന്ത്രജ്ഞന്‍, യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അധ്യക്ഷസ്ഥാനം വഹിക്കുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഇന്ത്യയെ കുറിച്ചുള്ള ആഖ്യാനം തികച്ചും തെറ്റായതും യാഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്താത്തതുമാണെന്നും പറഞ്ഞു.

ഇത്തരത്തിലുള്ള വാക്കുകളിലൂടെ കൗണ്‍സിലിന്റെ സമയം പാഴാക്കുന്നത് ഒഴിവാക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഓര്‍മിപ്പിച്ചു.

‘സ്വിറ്റ്‌സര്‍ലാന്‍ഡ് വംശീയത, വിവേചനം, അന്യമത വിദ്വേഷം തുടങ്ങിയ സ്വന്തം രാജ്യത്തെ വെല്ലുവിളികളെ നേരിടുന്നതില്‍ ആദ്യം ശ്രദ്ധ ചെലുത്തണം. എന്നിട്ട് വേണം ഇന്ത്യയെ പഠിപ്പിക്കാനായി മുന്നിട്ടിറങ്ങാന്‍. ബഹുസ്വരമായ നാഗരികതയെ പേറുന്ന ഇന്ത്യ, സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഇത്തരം ആശങ്കകള്‍ പരിഹരിക്കാന്‍ സഹായങ്ങള്‍ നല്‍കും’, ക്ഷിതിജ് ത്യാഗി പറഞ്ഞു.

Content Highlight: Switzerland wants to protect minorities and freedom of expression in India; first stop discrimination in your own country, India replies

We use cookies to give you the best possible experience. Learn more