| Monday, 14th September 2026, 2:58 pm

സ്വീഡിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: മധ്യ-ഇടതുപക്ഷത്തിന് നേരിയ ലീഡ്

ദേവിക ജയചന്ദ്രന്‍

സ്റ്റോക്‌ഹോം: സ്വീഡിഷ് പാര്‍ലമെന്റിലേക്കു നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മധ്യ-ഇടത് പ്രതിപക്ഷം വലതുപക്ഷ സര്‍ക്കാരിനേക്കാള്‍ നേരിയ ലീഡില്‍. സ്വീഡിഷ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നയിക്കുന്ന മധ്യ-ഇടത് സഖ്യമാണ് വോട്ടെടുപ്പില്‍ മുന്നിലെന്ന് പാര്‍ട്ടി നേതാവ് മഗ്ദലീന ആന്‍ഡേഴ്‌സണ്‍ ഞായറാഴ്ച പറഞ്ഞു. എന്നാല്‍ ഫലം വരുന്നത് വരെ അണികള്‍ കാത്തിരിക്കണമെന്നും അവര്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയാണ് മഗ്ദലേന ആന്‍ഡേഴ്‌സണ്‍.

സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും ഈ ഫലം പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള അവരുടെ മോശം പ്രകടനമാണ്. 2022 ലെ തെരഞ്ഞെടുപ്പിനെക്കാള്‍ 2 ശതമാനത്തോളം കുറവ് വോട്ടാണ് ലഭിച്ചിരിക്കുന്നത്.

ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് 92 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ തീവ്രവലതുപക്ഷമായ ഭരണപക്ഷത്തെക്കാള്‍ ഒരു സീറ്റിനു മുന്നിലാണ് പ്രതിപക്ഷപാര്‍ട്ടികള്‍. 349 അംഗ പാര്‍ലമെന്റില്‍ 175 സീറ്റുകളില്‍ പ്രതിപക്ഷവും 174 സീറ്റുകളില്‍ ഭരണപക്ഷവും മുന്നിട്ട് നില്‍ക്കുന്നു.

വിദേശത്തുനിന്നുള്ള വോട്ടുകള്‍ അടക്കം തെരഞ്ഞെടുപ്പ് ദിവസത്തിനകം പോളിങ് ബൂത്തിലെത്താത്ത വോട്ടുകള്‍ കൂടി എണ്ണി ബുധനാഴ്ചയേ അവസാനഫലം പുറത്തുവരൂ.

പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റെര്‍സണ്‍ അവസാന ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കാന്‍ അണികളോട് ആവശ്യപ്പെട്ടു. കുടിയേറ്റത്തിനെതിരെ സംസാരിക്കുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയായ സ്വീഡന്‍ ഡെമോക്രാറ്റുകളുമായി സഖ്യമുണ്ടാക്കിയാണ് 2022 മുതല്‍ ഇദ്ദേഹത്തിന്റെ മോഡറേറ്റ് പാര്‍ട്ടി ഭരിക്കുന്നത്.

പാര്‍ട്ടി ഭരിക്കുമോ എന്നുള്ളത് അറിയില്ല എന്നാണ് സ്വീഡന്‍ ഡെമോക്രാറ്റ് നേതാവ് ജിമ്മി ആക്‌സന്‍ പറഞ്ഞത്. 2022 ല്‍ രണ്ടാമതായിരുന്ന പാര്‍ട്ടി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എക്‌സിറ്റ് പോളുകള്‍ ഇടത് പാര്‍ട്ടികള്‍ക്ക് വന്‍വിജയം പ്രവചിച്ചിരുന്നുവെങ്കിലും ആദ്യഘട്ട ഫലങ്ങള്‍ കടുത്ത മത്സരമാണ് കാണിക്കുന്നത്.

ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ ഉക്രൈനുള്ള പിന്തുണ, നാറ്റോയില്‍ ചേരാനുള്ള തീരുമാനം, രാജ്യസുരക്ഷ, ക്ഷേമപദ്ധതികള്‍കള്‍ക്കുള്ള വിഹിതം തുടങ്ങിയവയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍.

Content Highlight: Sweden’s centre-left leads by three seats as vote counting continues.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more