ന്യൂദല്‍ഹി: തീവ്ര ഹിന്ദുത്വവാദിയായ സവര്‍ക്കറിന് ‘സ്വതന്ത്ര്യവീര്‍’ എന്ന വിശേഷണം സര്‍ക്കാര്‍ ഔദ്യോഗികമായി നല്‍കിയിട്ടില്ലെന്ന് ചെറുമകന്‍ സാത്യകി സവര്‍ക്കര്‍.
പൂനെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അദ്ദേഹം മൊഴി നല്‍കിയിരിക്കുന്നത്.
ജീവചരിത്രമെഴുതിയ സദാശിവ റാനെഡെയാണ് സവര്‍ക്കറെ ‘സ്വതന്ത്ര്യവീര്‍’ എന്ന് വിശേഷിപ്പിപ്പിച്ചതെന്നും സത്യകി കോടതിയെ അറിയിച്ചു.
‘സര്‍ക്കാര്‍ സവര്‍ക്കര്‍ക്ക് ‘സ്വതന്ത്ര്യവീര്‍’ പദവി നല്‍കിയിട്ടില്ലെന്ന് പറയുന്നത് ശരിയാണ്. എന്നാല്‍ ജനങ്ങള്‍ ആ പദവി നല്‍കിയിട്ടില്ലെന്ന് പറയുന്നത് ശരിയല്ല. അതിന് എന്റെ പക്കല്‍ രേഖാമൂലമുള്ള തെളിവുകളില്ല.
സദാശിവ് റാനെഡെ എഴുതിയ ജീവചരിത്രത്തില്‍ സ്വതന്ത്ര്യവീര്‍ പദവി നല്‍കിയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ഭാവനമാത്രമാണോയെന്ന് എനിക്കറിയില്ല,’ സത്യകി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ബ്രിട്ടീഷ് ഭരണ കാലത്ത് സവര്‍ക്കര്‍ പഠനത്തിനായി ലണ്ടനിലേക്ക് പോയി അവിടെ താമസിച്ചുവെന്നും നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിരുന്നുവെന്നും ചെറുമകന്‍ സമ്മതിച്ചു.
എന്നാല്‍ അദ്ദേഹത്തിന്റെ ചില പുസ്തകങ്ങള്‍ രഹസ്യമായി മറ്റൊരാളുടെ പേരിലാണ് പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ പുസ്തകങ്ങള്‍ ഇന്ത്യയിലും ലണ്ടനിലും ലഭ്യമാണെന്നും
വിദ്യാര്‍ത്ഥികളും ചരിത്രകാരന്മാരും അവയില്‍ ഗവേഷണം നടത്തുന്നുണ്ടെന്നും സാത്യകി മൊഴിനല്‍കി.
എന്നിരുന്നാലും, ഈ പുസ്തകങ്ങളില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്നും ഇന്ത്യയിലും ലണ്ടന്‍ വിപണികളിലും ലഭ്യമായ പുസ്തകങ്ങളില്‍ എന്താണ് എഴുതിയിരിക്കുന്നതെന്നും തനിക്ക് അറിയിയില്ലെന്നും അദ്ദേഹം സമ്മതിച്ചു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അപകീര്‍ത്തികരമായ പ്രതികരണം നടത്തിയെന്ന കേസിലാണ് സത്യകി മൊഴി നല്‍കിയിരിക്കുന്നത്.
ഒരു മുസ്‌ലിമിനെ സവര്‍ക്കറും കൂട്ടാളികളും ആക്രമിച്ചെന്നും അതില്‍ ആനന്ദം തോന്നിയെന്ന് സവര്‍ക്കര്‍ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
2023 മാര്‍ച്ചില്‍ ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എന്നാല്‍ ഇത് സവര്‍ക്കറുടെ പ്രശസ്തിക്ക് കോട്ടം വരുത്താനും കുടുംബത്തിന് മാനസിക വേദനയുണ്ടാക്കാനുമുള്ള ഉദ്ദേശത്തോടെ ആരോപണങ്ങള്‍ നടത്തിയെന്ന് കാണിച്ച് സത്യകി പരാതി നല്‍കുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ മാനനഷ്ട കേസായിരുന്നു നല്‍കിയത്.
Content Highlight: ‘Swatranyaveer’ is not Savarkar’s official title; grandson gives statement