| Monday, 23rd November 2026, 11:20 pm

അരങ്ങേറ്റക്കാരിയെന്ന് പറയില്ല; ആകാശത്തില്‍ ഒരു താരകത്തിലൂടെ തുടക്കം ഗംഭീരമാക്കി സാത്വിക വീരവല്ലി

അശ്വിന്‍ രാജേന്ദ്രന്‍

തിയേറ്റര്‍ ഹൗസ് ഫുള്ളാക്കി കൊണ്ട് മുന്നേറുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ആകാശത്തില്‍ ഒരു താരകം. പവന്‍ സാദിനേനി സംവിധാനം ചെയ്ത ചിത്രം ഒരു തെലുങ്ക് ചിത്രമെങ്കിലും മലയാളികളും ഇരുകൈയും നീട്ടി ഏറ്റെടുത്തിരിക്കുന്ന കാഴ്ചയ്ക്കാണ് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. പുതുമുഖമായ സാത്വിക വീരവല്ലി, ശ്രുതിഹാസന്‍, രുഹാനി ഷര്‍മ, സ്വാസിക തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

തങ്ങളുടെ സൂപ്പര്‍ താരങ്ങളും മുന്‍നിര താരങ്ങളും മാസ് മസാല ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ ഓടുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയില്‍, സമൂഹത്തിന് ബോധവത്കരണം നല്‍കുന്ന പ്രമേയമുള്ള ചിത്രവുമായെത്തിയ ദുല്‍ഖറും സംവിധായകനും നിര്‍മാതാക്കളും മറ്റ് അണിയറപ്രവര്‍ത്തകരും വലിയ കൈയടി അര്‍ഹിക്കുന്നു. ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കല്പന എന്ന പെണ്‍കുട്ടി അവളുടെ ആഗ്രഹം എത്തിപ്പിടിക്കുന്ന കഥ രാജ്യത്തെ പ്രസക്തമായ പല സാമൂഹിക വിഷയങ്ങളെയും കൈകാര്യം ചെയ്യുന്നു.

ആകാശത്തില്‍ ഒരു താരകം. Photo: Satvika veeravalli/ X.com

ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ഹൈപ്പ് പ്രധാനമായും കൈകാര്യം ചെയ്തതെങ്കിലും എ.ഒ.ടി സാത്വിക അവതരിപ്പിച്ച കല്പന എന്ന കഥാപാത്രത്തിന്റെ കഥയായാണ് ചിത്രം കണ്ടിറങ്ങിവരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത്. തന്റെ ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കേണ്ടി വന്ന കല്പന എല്ലാം അവസാനിച്ചെന്ന് കരുതുന്നിടത്താണ് ദുല്‍ഖറിന്റെ കഥാപാത്രം രംഗപ്രവേശം ചെയ്യുന്നതും ചിത്രത്തില്‍ വഴിത്തിരിവാകുന്നതും. എന്നിരുന്നാലും ചിത്രത്തിന്റെ പ്രധാന പ്ലോട്ട് സഞ്ചരിക്കുന്നത് സാത്വികയുടെ കഥാപാത്രത്തിലൂടെ തന്നെയാണ്.

ഒന്നുമില്ലാത്ത അവസ്ഥയില്‍ നിന്നും തുടങ്ങി തന്റെ സ്വപ്നം എത്തിപ്പിടിക്കുന്ന സ്ഥിരം പാറ്റേണിലാണ് എ.ഒ.ടി കഥ പറയുന്നതെങ്കിലും ചിത്രത്തെ വിജയിപ്പിക്കുന്നത് കല്പന അടക്കമുള്ള അഭിനേതാക്കളുടെ പെര്‍ഫോമന്‍സാണ്. ഒരു അരങ്ങേറ്റക്കാരിയായാണ് ചിത്രത്തിലേക്കെത്തിയതെങ്കിലും ഇതിന്റെ യാതൊരു വിധ പോരായ്മകളും ഇല്ലാതെ ഗംഭീര പെര്‍ഫോമന്‍സാണ് സാത്വിക ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്.

ചിത്രത്തിലെ ഓരോ ഘട്ടങ്ങളായ സ്‌കൂള്‍ പോര്‍ഷനും, ബാലവിവാഹവും, ദുല്‍ഖറിനൊപ്പമുള്ള കോമ്പിനേഷനും, ബഹിരാകാശ യാത്രയും എല്ലാം തന്നെ കൈയടക്കത്തോടെയാണ് സാത്വിക കൈകാര്യം ചെയ്തിരിക്കുന്നത്. തന്റെ സ്വപ്‌നങ്ങള്‍ കൈവിട്ട് പോകുമെന്ന ഭയവും, എന്നാല്‍ വെല്ലുവിളികള്‍ ഓരോന്നായി തരണം ചെയ്ത് സ്വ്പ്‌നത്തിലേക്ക് ഓരോ ഘട്ടവും അടുത്തുകൊണ്ടിരിക്കുന്ന കല്പനയുടെ എക്‌സൈറ്റ്‌മെന്റും സന്തോഷവും എല്ലാം തന്നെ വീരവല്ലിയില്‍ ഭദ്രമായിരുന്നു.

കൃത്യമായ ഇടവേളകളില്‍ വരുന്ന ഇമോഷണല്‍ സീനുകളാണ് എ.ഒ.ടിയെ പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നത്. ഇതിലെല്ലാം തന്നെ സാത്വികയുടെ പെര്‍ഫോമന്‍സ് എടുത്തു പറയേണ്ടതാണ്. സംവിധായകന്‍ പ്രതീക്ഷിച്ചതില്‍ നിന്നും അല്പം പോലും താഴെ പോയാല്‍ ഈ സീന്‍ ക്രിഞ്ചായി പോകാനുള്ള സാധ്യതകളേറെയാണ്. ഇത് ചിത്രത്തിന്റെ പരാജയത്തിലേക്കും നയിച്ചേക്കാം. എന്നാല്‍ ഒരു വിമര്‍ശനത്തിനും ഇടനല്‍കാതെ കല്പനയെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സാത്വികയ്ക്ക് കൃത്യമായി സാധിക്കുന്നുണ്ട്.

ആകാശത്തില്‍ ഒരു താരകം. Photo: Satvika veeravalli/ X.com

ദുല്‍ഖര്‍ നായകനായ കാന്തയിലേക്ക് താരം ഒഡിഷന്‍ നടത്തിയിരുന്നെങ്കിലും നറുക്ക് വീണിരുന്നില്ല. ഇപ്പോഴിതാ ആകാശത്തില്‍ ഒരു താരകത്തിലൂടെ ഒരു കിടിലന്‍ എന്‍ട്രിയാണ് സാത്വിക നടത്തിയിരിക്കുന്നത്. ചിത്രത്തിന് പിന്നാലെ രാംചരണിന്റെയും നാഗചൈതന്യയുടെയും ചിത്രത്തില്‍ സാത്വിക നായികയായെത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Swatika veeravalli’s performance in Aakasam Lo Oka Tara as debutant

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more