മലയാള സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയ സാന്നിധ്യമായ നടിയാണ് സ്വാസിക. ‘വാസന്തി’, ‘ചതുരം’, ‘കുമാരി’, ‘പൊറിഞ്ചു മറിയം ജോസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച താരം, ‘വാസന്തി’യിലെ പ്രകടനത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കിയിരുന്നു. മലയാളത്തിനൊപ്പം തമിഴിലും ‘ലബ്ബർ പന്തു’, ‘മാമൻ’, ‘നൂറു സാമി’ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്വാസിക ശ്രദ്ധ നേടിയിട്ടുണ്ട്. സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ചും അതിനപ്പുറം അവർക്ക് ഉണ്ടായിരിക്കേണ്ട മാനസിക കരുത്തിനെക്കുറിച്ചും നിലപാട് വ്യക്തമാക്കുകയാണ് താരം. ജെ.എഫ്.ഡബ്ല്യു ബിഞ്ച് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
സ്വാസിക.photo.screen grab/youtube
‘സ്ത്രീകൾ ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആകുന്നത് പോലെ തന്നെ പ്രധാനമാണ് ഇമോഷണലി സ്റ്റേബിൾ ആകുക എന്നതും. എന്ത് പ്രതിസന്ധി വന്നാലും അവിടെ ഉറച്ചുനിന്നു പോരാടാനും, ‘യെസ്’ പറയേണ്ട ഇടങ്ങളിൽ ‘യെസ്’ എന്നും ‘നോ’ പറയേണ്ട സ്ഥലങ്ങളിൽ ‘നോ’ എന്നും പറയാനും ശീലിക്കണം. അല്ലെങ്കിൽ സാഹചര്യത്തിനനുസരിച്ച് കാര്യങ്ങൾ മാനേജ് ചെയ്ത് ആ സന്ദർഭത്തെ ഹാൻഡിൽ ചെയ്യാൻ പഠിക്കുന്ന തരത്തിലുള്ള ഇമോഷണൽ സ്റ്റെബിലിറ്റി ഉള്ള സ്ത്രീകളെയാണ് ഞാൻ ‘ബോൾഡ്’ എന്ന് വിളിക്കുക.
ബാങ്കിൽ എത്ര ബാലൻസ് ഉണ്ടെന്ന് പറഞ്ഞാലും, മാനസികമായി ഒരാൾ വന്ന് എന്ത് പറഞ്ഞാലും പെട്ടെന്ന് ഡിപ്രസ്ഡ് ആയിപ്പോകുന്ന അവസ്ഥ ഉണ്ടാകരുത്. അതല്ലെങ്കിൽ ബോൾഡ് ആണെന്ന് കാണിക്കാൻ വേണ്ടി മദ്യപിക്കുന്നതോ പുകവലിക്കുന്നതോ മാത്രമല്ല ബോൾഡ്‌നെസ്സ്. ഏതു സാഹചര്യത്തിലും അഡാപ്റ്റ് ചെയ്ത് നമ്മുടെ ജീവിതം അതിനനുസരിച്ച് രൂപപ്പെടുത്താൻ കഴിയുന്ന തരത്തിൽ ഒരു ഇമോഷണൽ സ്റ്റെബിലിറ്റി ഉണ്ടാവുക എന്ന് പറയുന്നത് വലിയൊരു കാര്യം തന്നെയാണ്. അതുണ്ടെങ്കിൽ നമുക്ക് ഫിനാൻഷ്യൽ സ്റ്റെബിലിറ്റിയും വരും ഇനി അതില്ലെങ്കിൽ പോലും സാഹചര്യങ്ങളെ ഹാൻഡിൽ ചെയ്യാൻ നമുക്ക് കഴിയും.
സന്തോഷമായിരുന്നാലും സങ്കടമായിരുന്നാലും ആങ്‌സൈറ്റി ആയിരുന്നാലും എല്ലാം ഒരുപോലെ ബാലൻസ് ചെയ്ത് കൊണ്ടുപോകാൻ നമുക്ക് സാധിക്കണം. അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ നമ്മുടെ കരിയറും ഫാമിലിയും ഒപ്പം സ്വന്തം കാര്യങ്ങളും ഒരുപോലെ നോക്കാൻ കഴിയും. ഇത്തരത്തിൽ ഇമോഷണൽ സ്റ്റെബിലിറ്റി ഇല്ലാതാകുമ്പോൾ നമുക്ക് വർക്ക് പ്രഷർ കൂടും, അല്ലെങ്കിൽ കുടുംബത്തെ മാത്രം നോക്കി നമുക്ക് സ്വന്തമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ പറ്റാതെ വരും. അപ്പോൾ ഇതെല്ലാം കൃത്യമായി ബാലൻസ് ചെയ്ത് കൊണ്ടുപോകുന്ന സ്ത്രീകൾ എപ്പോഴും ‘സൂപ്പർ വുമൺ’ ആയിരിക്കും,’ സ്വാസിക പറഞ്ഞു.
സ്വാസിക.photo.X