| Friday, 15th August 2025, 2:16 pm

ചതുരവും, ഇട്ടിമാണിയുമൊക്കെ ജനങ്ങളുടെ മനസിലുണ്ട്; തമിഴില്‍ നിന്നാണ് നല്ല ഓഫറുകള്‍ വരുന്നത്: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സീരിയലിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രമാണ് സ്വാസികയുടെ ആദ്യ സിനിമ. പിന്നീട് തമിഴിലും മലയാളത്തിലും ചെറുതും വലുതുമായ വേഷങ്ങളില്‍ നടി അഭിനയിച്ചു. ചതുരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

2020ല്‍ വാസന്തിയിലെ പ്രകടനത്തിന് സ്വാസികക്ക് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 2024ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ലബ്ബര്‍ പന്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂരി നായകനായെത്തിയ മാമന്‍ ആണ് സ്വാസികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ഇപ്പോള്‍ മലയാളത്തിനെക്കാളും പ്രേക്ഷക സ്വീകാര്യത തമിഴിലാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സ്വാസിക.

‘ മലയാളത്തില്‍ പ്രേക്ഷക സ്വീകാര്യതയുണ്ട്. ഞാന്‍ സിനിമ ചെയ്യുമ്പോള്‍ മലയാളി ഓഡിയന്‍സിന് അത് ഇഷ്ടപ്പെട്ടു. അത് വാസന്തി ആണെങ്കിലും ഇട്ടിമാണി ( ഇട്ടിമാണി മാണി മേയ്ഡ് ഇന്‍ ചൈന) ആണെങ്കിലും ചതുരവും ഒക്കെ ആളുകളുടെ മനസിലുണ്ട്. പക്ഷേ നല്ല ഓഫറുകള്‍ അധികവും മലയാളത്തില്‍ നിന്ന് കിട്ടുന്നില്ല. കിട്ടിയാലാണ് പ്രേക്ഷകര്‍ക്ക് അത് കാണാന്‍ കഴിയുക. അപ്പോഴാണ് അവര്‍ക്ക് സ്വീകരിക്കാന്‍ പറ്റുക. മലയാളത്തില്‍ എന്തുകൊണ്ടാണെന്ന് കിട്ടാത്തതെന്ന് അറിയില്ല. തമിഴില്‍ എന്നാല്‍ അവസരങ്ങള്‍ കൂടുതല്‍ കിട്ടുന്നുണ്ട്. അതും റീസണ്‍ അറിയില്ല,’ സ്വാസിക പറഞ്ഞു.

പ്രശാന്ത് പാണ്ഡ്യരാജ് സംവിധാനം ചെയ്ത അടുത്തിടെ പുറത്തിറങ്ങിയ മാമന്‍ എന്ന ചിത്രത്തെ കുറിച്ചും നടി സംസാരിച്ചു.

മാമനായിരുന്നു ഈ അടുത്ത് റിലീസായത്. അത് നല്ല രീതിയില്‍ അവിടുത്തെ കുടുബ പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോഴും അതിനെ കുറിച്ചുള്ള സംസാരങ്ങള്‍ നടക്കുന്നുണ്ട്. ഒരുപാട് സന്തോഷം. അതിപ്പോള്‍ സി ഫൈവില്‍ സ്ട്രീമിങ് തുടങ്ങിയിട്ടുണ്ട്. മലയാളി ഓഡിയന്‍സ് കുറെ പേര് കണ്ടിട്ട് വിളിച്ചിരുന്നു. ആദ്യം തുടങ്ങിയത് തമിഴിലാണെങ്കിലും അന്ന് കിട്ടാതെ പോയ എല്ലാ സ്‌നേഹവും ഇന്ന് കിട്ടുന്നുണ്ട്,’ സ്വാസിക പറയുന്നു.

Content Highlight:  Swasika says that  she don’t get many good offers from Malayalam

We use cookies to give you the best possible experience. Learn more