മലയാള സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് സ്വാസിക. ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം, അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളത്തിലും തമിഴിലുമായി തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിത വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരം. മനോരമ മാക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വാസിക.
സ്വാസിക. Photo. Screen grab/ Youtube
പതിനഞ്ച് വർഷത്തോളമായുള്ള തന്റെ അഭിനയജീവിതത്തിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് നടി.
‘ജീവിതത്തെ കാണുന്ന രീതികൾ മാറിയിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷെ, വർഷങ്ങളായുള്ള എന്റെ ഈ ഒരു യാത്രയിൽ നിന്ന് എനിക്ക് മാനസിലായത്, ചില ആളുകളുടെ ജീവിതത്തിൽ ചില കാര്യങ്ങൾ വൈകിയേ സംഭവിക്കൂ എന്നാണ്. ആ ഒരു തിരിച്ചറിവ് നമുക്കുണ്ടാവണം, ആ ഒരു പ്രക്രിയയെ നമ്മൾ ക്ഷമയോടെ കാണാൻ പഠിക്കണം,’ സ്വാസിക പറഞ്ഞു.
പെട്ടെന്നുള്ള പ്രശസ്തിയിലല്ല, ഇൻഡസ്ട്രയിയുടെ സ്വഭാവം മാനസിലാക്കി ക്ഷമയോടെ കാത്തിരിക്കുന്നതാണ് പ്രധാനം എന്നും സ്വാസിക വ്യക്തമാകുന്നു.
‘വലിയ ഒരു പൊസിഷനിൽ എത്തണം, പണം ഉണ്ടാക്കണം, പ്രശസ്തി നേടണം എന്നൊക്കെ വിചാരിച്ച് ഒടുവിൽ ഡിപ്രഷൻ അടിക്കുക, ആങ്സൈറ്റി വരിക തുടങ്ങിയ പ്രശ്നങ്ങളിലേക്കൊന്നും പോകാതെ, ഈയൊരു ഇൻഡസ്ട്രി ഇങ്ങനെയാണെന്ന് മാനസിലാക്കി സമാധാനത്തോടെ ഇരിക്കുക. ചിലർക്ക് ഒരു വെള്ളിയാഴ്ച കൊണ്ട് ജീവിതം മാറും, ചിലർക്ക് എന്നെപ്പോലെ പതിനഞ്ച് വർഷമൊക്കെ എടുക്കും മാറ്റങ്ങൾ സംഭവിക്കാൻ. അപ്പോൾ ക്ഷമ എന്ന സാധനം ഞാൻ പഠിച്ചു,’ നടി പറഞ്ഞു.
ആദ്യ നാളുകളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിക്കാതെ വരുമ്പോൾ വലിയ രീതിയിൽ ടെൻഷൻ അടിച്ചിരുന്നുവെന്നും, എന്നാൽ തനിക്ക് ലഭിക്കേണ്ട അവസരങ്ങൾ തന്നെ തേടിവരുമെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും സ്വാസിക പറയുന്നു
‘ആദ്യമൊക്കെ എനിക്ക് ഒരു സീരിയലോ സിനിമയോ കിട്ടാതെ വരുമ്പോൾ ഭയങ്കര ടെൻഷൻ ആയിരുന്നു. ഇപ്പോഴൊക്കെ ടെൻഷൻ അടിച്ചിട്ട് കാര്യമില്ല, ഇതായിരിക്കും എന്റെ വിധി എന്ന് ഞാൻ വിചാരിക്കും. എങ്കിലും അത് എങ്ങനെയെങ്കിലും കറങ്ങിത്തിരിഞ്ഞു വരും.
ചിലപ്പോൾ എനിക്ക് നാൽപ്പത് വയസാകുമ്പോഴായിരിക്കും വലിയൊരു കയറ്റം ഉണ്ടാവുക, ചിലപ്പോൾ അത് ഇപ്പോൾത്തന്നെ സംഭവിക്കും. എന്നായാലും ഉയരങ്ങളിൽ എത്തും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോവുക എന്നതാണ് ഞാൻ ഇപ്പോൾ കോൺഷ്യസായി എന്റെ മൈൻഡിൽ എടുക്കുന്ന ഒരു ശ്രമം,’ സ്വാസിക പറഞ്ഞു.
സ്വാസിക. Photo. Screen grab/ Youtube