| Wednesday, 14th January 2026, 8:56 pm

നാരായണ ഗുരു മുന്നോട്ട് വെച്ച ആശയങ്ങളുടെ മറ്റൊരു ആവിഷ്ക്കാരം; കാന്തപുരത്തിന് നാരായണ ഗുരു പുരസ്കാരം സമ്മാനിച്ച് സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം

ശ്രീലക്ഷ്മി എ.വി.

കായംകുളം: ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് സമ്മാനിച്ച് സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം.

കേരള യാത്രയുടെ കായംകുളത്തെ സ്വീകരണ വേദിയിൽ വെച്ചായിരുന്നു പുരസ്‌കാരം സമ്മാനിച്ചത്.

പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയർത്തെഴുനേൽപ്പ് സാധ്യമാക്കുന്നതിൽ കാന്തപുരം നടത്തിയ പോരാട്ടങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം നൽകുന്നത്.

സാമുദായികതയ്ക്കും വർഗീയതയ്ക്കും ഇടയിലെ അതിർവരമ്പ് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രതികരിച്ചു.

മതത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുമ്പോഴാണ് വർഗീയത ഉണ്ടാകുന്നതെന്നും ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പുരസ്കാരം തന്റെ ഉത്തരവാദിത്വം വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗോകുലം ഗോപാലൻ, മുൻ ബോർഡ് മെമ്പർ അഡ്വ. എസ് ചന്ദ്രസേനൻ, ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഡയറക്ടർ അഡ്വ. വി ആർ അനൂപ് എന്നിവർ ചേർന്നാണ് പുരസ്കാരം കൈമാറിയത്.

മാനവികത, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളിൽ ഉറച്ചു നിന്നു കൊണ്ട് ഒരേ സമയം സാമുദായിക ശാക്തീകരണവും സാമൂഹിക വികസനവും സാധ്യമാക്കുന്ന സവിശേഷമായ വികസന മാതൃകയാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നടപ്പിലാക്കിയതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.

ഇസ്‌ലാമിന്റെ ധർമ ശാസ്ത്ര ബോധ്യങ്ങളിൽ നിന്നുകൊണ്ട് ഇതര സമൂഹങ്ങളുമായുള്ള സഹോദര്യപൂർണമായ സഹവർത്തിത്വം സാധ്യമാക്കാൻ അബൂബക്കർ മുസ്‌ലിയാർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി ചെയർമാൻ അഡ്വ. സി കെ വിദ്യാസാഗർ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സൗഹൃദപാരമ്പര്യത്തെ ശാക്തീകരിക്കുന്നതിൽ കാന്തപുരം എ.പി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുരു ചിന്തകളുടെ വലിയ മാതൃകകൾ വിവിധ സമുദായങ്ങളിൽ ഉണ്ടെന്നും അവയുടെ യോജിച്ച പ്രവർത്തനങ്ങൾക്ക് കേരളത്തിൽ മികച്ച മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഡയറക്ടർ അഡ്വ. വി ആർ അനൂപ് അഭിപ്രായപ്പെട്ടു.

ശ്രീനാരായണ ഗുരു മുന്നോട്ട് വെച്ച ആശയങ്ങളുടെ മറ്റൊരു ആവിഷ്ക്കാരമാണ് കാന്തപുരത്തിന്റേതെന്നും കേരളത്തെ മുന്നോട്ട്കൊണ്ടുപോകുന്നതിൽ ഇത്തരം ആവിഷ്ക്കാരങ്ങൾ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ സാമുദായിക-രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Content Highlight: Swami Saswathikananda Cultural Center presents Narayana Guru Award to Kanthapuram

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more