| Sunday, 21st April 2013, 2:00 pm

ഗുരുദേവ വചനങ്ങള്‍ മനസിലാക്കുന്നതോടെ മോഡിയുടെ കാഴ്ച്ചപ്പാട് മാറും: സ്വാമി ഋതംബരാനന്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശിവഗിരി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശിവഗിരി മഠത്തില്‍ എത്തുന്നതിനെ ന്യായീകരിച്ച് മഠം സെക്രട്ടറി സ്വാമി ഋതംബരാനന്ദ. രംഗത്തെത്തി.

ഗുരുദേവന്റെ വചനങ്ങള്‍ മനസിലാക്കുന്നതോടെ നരേന്ദ്ര മോഡിയുടെ കാഴ്ച്ചപ്പാട് തന്നെ മാറുമെന്നും ഗുരുദേവ വചനങ്ങള്‍ അംഗീകരിക്കുന്ന ആര്‍ക്കും ഇവിടെ എത്താവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. []

് ശിവഗിരിയില്‍ പ്രാധാന്യം ഗുരുദര്‍ശനത്തിനാണ്. അല്ലാതെ ഏതെങ്കിലും വ്യക്തിക്കല്ല. ഗുജറാത്ത് ഭരണാധികാരി എന്ന നിലയിലാണ് മോഡി മഠത്തിലെത്തുന്നത്. അതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല- അദ്ദേഹം പറഞ്ഞു.

വര്‍ക്കല ശിവഗിരിയില്‍ ശ്രീനാരായണ ധര്‍മ്മമീമാംസ പരിഷത്തിന്റെ കനക ജൂബിലി സമ്മേളനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പിന്മാറിയിരുന്നു.

കനകജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചതിനെ തുടര്‍ന്നാണു തീരുമാനം. കനക ജൂബിലിയോടനുബന്ധിച്ച് അരുവിപ്പുറം പ്രതിഷ്ഠാ ശതോത്തര രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടത് വി.എസ്. അച്യുതാനന്ദനായിരുന്നു.

വെവ്വേറെ ചടങ്ങുകളിലേക്കാണെങ്കിലും ജൂബിലി ആഘോഷത്തോടനുബന്ധിച്ചു നരേന്ദ്ര മോഡിയെ ക്ഷണിച്ച വിവരം മനസിലാക്കിയ സാഹചര്യത്തിലാണ് താന്‍ പിന്മാറുന്നതെന്നു വി.എസ് പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

ശ്രീനാരായണഗുരുവിന്റെ തത്വങ്ങള്‍ക്കു പൂര്‍ണമായും എതിരാണ് നരേന്ദ്ര മോഡിയുടെയും കൂട്ടരുടെയും പ്രവര്‍ത്തനങ്ങളെന്നും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന കാര്യം സ്വാമി പ്രകാശാനന്ദയെ അറിയിച്ചതായും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

സമൂഹം ബഹുമാനത്തോടെ കാണുന്ന ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി മഠത്തെ കേവല ഹിന്ദു മഠമാക്കി മാറ്റാന്‍ ശിവഗിരി മഠത്തിലെ തന്നെ ചില സന്യാസിമാര്‍ ശ്രമിക്കുന്നതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ആരോപിച്ചിരുന്നു.

ശ്രീനാരായണ ഗുരുവിന്റെ ആത്മീയതയ്ക്ക് എതിരാണ് ഇപ്പോഴത്തെ അവിടുത്തെ പല സന്യാസിമാരുടേയും പ്രവര്‍ത്തനം. സ്വാമി ശാശ്വതീകാനന്ദയെപ്പോലുള്ളവര്‍ അന്ന് തന്നെ ഇത്തരം കാര്യങ്ങളെ എതിര്‍ത്തിരുന്നെന്നും പിന്നീട് എന്ത് സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പിണറായി പറഞ്ഞു.

മതാതീയ ആത്മീയതയെ മതത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനെതിരെ നിലപാടെടുത്ത വ്യക്തിയായിരുന്നു സ്വാമി ശാശ്വതീകാന്ദയെപ്പോലുള്ളവര്‍. എന്നാല്‍ ഇന്ന് നരേന്ദ്രമോഡിയെപ്പോലുള്ളവരെ ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരിയിലേക്ക് ക്ഷണിക്കുന്നവര്‍ കേരളത്തിന് അപമാനമാണെന്നും പിണറായി പറഞ്ഞു.

കാഷായ വസ്ത്രത്തെയല്ല ശ്രീനാരായ ഗുരു ഉയര്‍ത്തിയ ആദര്‍ശങ്ങളെയാണ് ജനം ബഹുമാനിക്കുന്നതെന്ന് ശിവഗിരി മഠത്തിലെ ഇപ്പോഴത്തെ സന്യാസികള്‍ തിരിച്ചറിയണമെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശമുള്ള സന്യാസിമാര്‍ക്ക് എങ്ങനെയാണ് മോഡിയെ സ്വീകരിക്കാന്‍ കഴിയുക. മന്ത്രി ഷിബു ബേബിജോണ്‍ മോഡിയെക്കാണാന്‍ പോയതും ഇതും തമ്മില്‍ ബന്ധമുണ്ടോയെന്ന് സംശമുണ്ടെന്നും പിണറായി പറഞ്ഞു.

We use cookies to give you the best possible experience. Learn more