| Friday, 14th January 2011, 11:02 am

ഭീകരതയുടെ നിറം മാറുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ദ്രേഷ്‌കുമാര്‍, സ്വാമി അസീമാനന്ദ്, ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത്, സുനില്‍ ജോഷി


പൊളിറ്റിക്കല്‍ ഡസ്‌ക്

ഹൈന്ദവഭീകരതയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകള്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. രാജ്യത്ത് ബോംബ് സ്‌ഫോടനങ്ങളുണ്ടാവുമ്പോഴൊക്കെ ഒരു പ്രത്യേക സമുദായത്തെ കേന്ദ്രീകരിച്ചായിരുന്നു സംശയത്തിന്റെ മുനകള്‍ ഉയര്‍ന്നിരുന്നത്. ഈ സമുദായത്തില്‍പ്പെട്ടവര്‍ കൂട്ടമായി അറസ്റ്റ് ചെയ്യപ്പെടുകയും നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. അപ്പോഴെല്ലാം യഥാര്‍ഥ കുറ്റവാളികള്‍ തിരശ്ശീലക്ക് പിന്നില്‍ നിന്ന് ചിരിക്കുകയായിരുന്നു.[]

സ്വാമി അസീമാനന്ദയുടെ അറസ്റ്റും അത് ബി ജെ പിയിലും ആര്‍ എസ് എസിലുമുണ്ടാക്കിയ തുടര്‍ചലനങ്ങളുമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ദേശീയതയുടെ വക്താക്കളെന്ന് സ്വയം അവകാശപ്പെട്ടിരുന്ന ആര്‍.എസ്.എസിന് തങ്ങളുടെ യഥാര്‍ഥ മുഖം തിരിച്ചറിയപ്പെട്ടതോടെ പൊതുജനത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വര്‍ഗീയ ശക്തികളുടെ പിന്തുണയോടെ രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പിയും ഇപ്പോള്‍ ത്രിശങ്കുവിലാണ്.

അസീമാനന്ദയുടെ കുറ്റസമ്മതം തുറന്നുവിട്ട ഭൂതം


രാജ്യത്തെ നടുക്കിയ സ്‌ഫോടനങ്ങളില്‍ ആര്‍ എസ് എസിന് പങ്കുള്ളതായി നേരത്തേ ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം വെറും ആരോപണങ്ങള്‍ മാത്രമായിരുന്നു എന്നതായിരുന്നു ഇതുവരെ പാര്‍ട്ടിയുടെ നിലപാട്. സംഝോഥാ സ്‌ഫോടനത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണ് എന്ന് വരുത്തി തീര്‍ക്കാനാണ് ആദ്യം മുതല്‍ക്കേ ശ്രമം നടന്നത്. അജ്മീര്‍ സ്‌ഫോടനം, മാലേഗാവ്, മെക്ക മസ്ജിദ് എന്നിവയുടെ കാര്യങ്ങളിലും ഇതേ നിലപാടായിരുന്നു ആര്‍ എസ് എസും ബി ജെ പിയും കൈക്കൊണ്ടിരുന്നത്.

എന്നാല്‍ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ നിറംമാറ്റം പ്രകടമായത്. രാജ്യത്ത് നടക്കുന്ന ഭീകരവാദ-വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഹിന്ദു വര്‍ഗീയ കക്ഷികള്‍ക്ക് പങ്കുണ്ടെന്ന് ആദ്യമായി ലോകത്തോട് പറഞ്ഞത് എ.ടി.എസ് തലവന്‍ കാര്‍ക്കരെയായിരുന്നു. അതോടെ കാര്‍ക്കരെ ഇന്ത്യയിലെ മതേതര വാദികളുടെ ഹീറോ ആയി. എന്നാല്‍ സംഘപരിവാര്‍ ശക്തികളില്‍ നിന്നും കടുത്ത ഭീഷണി കാര്‍ക്കരെക്ക് നേരിടേണ്ടി വന്നു. കാര്‍ക്കരെയെ എ.ടി.എസ് തലപ്പത്ത് നിന്ന് മാറ്റാന്‍ രാജ്യത്തെ ഉന്നത ഏജന്‍സികളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുയര്‍ന്നെങ്കിലും അതിനെയെല്ലാം അതീജീവിച്ച് അദ്ദേഹം അന്വേഷണവുമായി മുന്നോട്ട് പോയി.

എന്നാല്‍ ഇതിനിടെയാണ് മുംബൈ ഭീകരാക്രമണമുണ്ടായതും കാര്‍ക്കരെ കൊല്ലപ്പെടുന്നതും. മുംബൈ ഭീകരാക്രമണത്തോടെ കാര്‍ക്കരെയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരുന്ന ഭീകരവിരുദ്ധ അന്വേഷണം അട്ടിമറിക്കപ്പെടുകയായിരുന്നു. മുംബൈ ആക്രമണത്തിന് മുമ്പ് ഹേമന്ത് തന്നെ ഫോണ്‍ ചെയ്തതായുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദം സൃഷ്ടിച്ചു. തനിക്ക് രാജ്യത്തിനകത്തുള്ള ചില തീവ്രവാദ സംഘടനകളുടെ ഭീഷണിയുണ്ടെന്നായിരുന്നു കാര്‍ക്കരെ കോണ്‍ഗ്രസ് നേതാവിനോട് പറഞ്ഞത്. ഇതിനിടെ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്‌കുമാറിന് പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമുണ്ടായി.

തുടര്‍ന്ന് ബി ജെ പിയും ആര്‍ എസ് എസും ശിവസേനയുമടക്കമുള്ള പാര്‍ട്ടികള്‍ ദിഗ്‌വിജയ് സിംഗിനെതിരേ രംഗത്തെത്തുകയും പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പടുകയും ചെയ്തു. എന്നാല്‍ താനും കാര്‍ക്കറെയും തമ്മില്‍ സംസാരിച്ചതിന്റെ വ്യക്തമായ രേഖകള്‍ ഹാജരാക്കിയതോടെ എല്ലാവര്‍ക്കും ഉത്തരം മുട്ടി.

ഇതിന്റെ ഞെട്ടലില്‍ നില്‍ക്കുമ്പോഴാണ് അസീമാനന്ദ അറസ്റ്റിലാകുന്നതും സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നതും. രാജ്യത്ത് ഇതുവരെ നിലനിന്ന ഭീകരവാദ ചിന്തകളുടെ അടിത്തറയിളക്കാന്‍ ശേഷിയുള്ള വെളിപ്പെടുത്തലുകളായിരുന്നു അസീമാനന്ദ നടത്തിയത്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലപാടില്‍ നിന്നും വ്യത്യസ്തമായൊരു തലത്തിലേക്കാണ് അസീമാനന്ദയുടെ മൊഴികള്‍ കൊണ്ടെത്തിച്ചിരിക്കുന്നത്.

വിഭജന കാലത്ത് പാക്കിസ്ഥാന്റെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ച ഹൈദരാബാദ് നൈസാമിന്റെ തീരുമാനത്തിനുള്ള മറുപടി എന്ന നിലയ്ക്കാണ് മെക്ക മസ്ജിദില്‍ സ്‌ഫോടനം നടത്തിയത് എന്നാണ് സ്വാമി അസീമാനന്ദ മൊഴി നല്‍കിയിരിക്കുന്നത്. അജ്മീര്‍ ദര്‍ഗയില്‍ ഏറെ ഹിന്ദുമത വിശ്വാസികളും ആരാധനയ്‌ക്കെത്തുന്നുണ്ടെന്നും ഇതു തടയാനുള്ള അല്ലെങ്കില്‍ ഇതിനെതിരായ മുന്നറിയിപ്പ് എന്ന നിലയ്ക്കായിരുന്നു അവിടെ സ്‌ഫോടനം നടത്തിയതെന്നും അസീമാനന്ദ വ്യക്തമാക്കി.

ഉത്തരമില്ലാതെ ബി ജെ പി

ഒരേസമയം മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് പറയുകയും വോട്ടുബാങ്കായി ആര്‍ എസ് എസ് അടക്കമുള്ള ഹൈന്ദവ സംഘടനകളെ ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ബി ജെ പിയുടെ നിലപാടെന്നത് നേരത്തേ വ്യക്തമായതാണ്. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് അസീമാനന്ദയുടെ വെളിപ്പെടുത്തല്‍. യു പി എയെ തകര്‍ക്കാന്‍ തീവ്രവാദമെന്ന ആയുധമായിരുന്നു “വ്യത്യസ്തമായ ഈ പാര്‍ട്ടി” എന്നും ഉപയോഗിച്ചത്.

എന്നാല്‍ അസീമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെ അന്തച്ഛിദ്രം രൂക്ഷമായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈയിടെ ഗുവഹാത്തിയില്‍ സമാപിച്ച പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ “തീവ്രവാദം” എന്ന വിഷയം തന്നെ പാര്‍ട്ടിക്ക് മുക്കേണ്ടിവന്നു.

ദേശീയ പ്രസിഡന്റായി നിതിന്‍ ഗഡ്ക്കരി എത്തിയതുമുതല്‍ക്കേ ബി ജെ പിയില്‍ ഒരുതരം ശീതയുദ്ധം നിലനില്‍ക്കുന്നുണ്ട്. നിതിന്‍ ഗാഡ്ക്കരി ഒരുവശത്തും അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, വെങ്കയ്യ നായിഡു എന്നിവര്‍ മറ്റൊരു വശത്തും നിലയുറപ്പിച്ചിരിക്കുന്നു. മുതിര്‍ന്ന നേതാവായ എല്‍ കെ അദ്വാനി ഇപ്പോള്‍ കാര്യമായൊന്നും പ്രതികരിക്കാറില്ല. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ “വെറുതേവിടാന്‍” തീരുമാനിച്ചത് ഗാഡ്ക്കരിയുടെ ഏകാധിപത്യ നടപടിയായിട്ടാണ് നിരീക്ഷകര്‍ കരുതുന്നത്.

എല്‍ കെ അഡ്വാനി അടക്കമുള്ള നേതാക്കളുടെ വാക്കുകളെ മറികടന്നാണ് ഗാഡ്ക്കരി യെദ്യൂരപ്പയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതെന്നും വാര്‍ത്തകളുണ്ടായി. അസീമാനന്ദയുടെ വെളിപ്പെടുത്തലുകളും ബന്ധപ്പെട്ട വിവാദങ്ങളും പാര്‍ട്ടിക്കുള്ളിലെ കലഹം മൂര്‍ച്ഛിക്കാനിടയാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അജ്മീര്‍ സ്‌ഫോടനക്കേസിലുള്‍പ്പെട്ട ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പങ്കെടുത്ത ചടങ്ങില്‍ ഗാഡ്ക്കരി എത്തുകയും ഇന്ദ്രേഷ് കുമാറിനെ ന്യായീകരിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചടങ്ങില്‍ നിന്നും അരുണ്‍ ജെയ്റ്റ്‌ലി വിട്ടുനിന്നത് ബി ജെ പിക്കിടയില്‍ തന്നെയുള്ള ഭിന്നതയാണ് വെളിവാക്കുന്നത്.

ന്യായീകരണവുമായി കേശവ് കുഞ്ച്


ആര്‍ എസ് എസ് ആസ്ഥാനമായ കേശവ് കുഞ്ചില്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്. അസീമാനന്ദയുടെ മൊഴിയും ആര്‍ എസ് എസ് നേതാക്കളുടെ പ്രതികരണവുമെല്ലാം ഒപ്പിയെടുക്കാന്‍ ക്യാമറാക്കണ്ണുകള്‍ തുറന്നുവച്ചിരിക്കുന്നു.

സാംസ്‌കാരിക ദേശീയതയെന്ന തങ്ങളുടെ വാദത്തിന്റെ കള്ളത്തരം പുറത്തായതോടെ നില്‍ക്കള്ളിയില്ലാതായിരിക്കയാണ് ആര്‍.എസ്.എസിന്. തീവ്രവാദ ആഭിമുഖ്യമുള്ളവരാരും സംഘടനയിലില്ലെന്ന പറഞ്ഞ് കൈയ്യൊഴിയാനാണ് മോഹന്‍ ഭാഗവത് ശ്രമിക്കുന്നത്.

എന്നാല്‍ അസീമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ ആര്‍ എസ് എസിനെ പിടിച്ചുകുലുക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീവ്രമായ ദേശീയബോധമുള്ളവരോട് സംഘടനവിട്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാഗവത് ഈയിടെ നടന്ന പൊതുസമ്മേളനത്തില്‍ ആവശ്യപ്പെടുകയുണ്ടായി. സംഘടനയില്‍ ഇത്തരം ആളുകള്‍ സജീവമാണെന്ന നിലപാടിലേക്കാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്.

സ്വാമി അസീമാനന്ദ ആര്‍ എസ് എസ് പ്രവര്‍ത്തകനല്ല എന്നാണ് ഇപ്പോള്‍ മോഹന്‍ ഭാഗവത്തിന്റെ വിശദീകരണം. എന്നാല്‍ സംഘപരിവാര്‍ പ്രസ്ഥാനമായ വനവാസി കല്യാണ്‍ ആശ്രമത്തിന്റെ പ്രമുഖ നേതാവാണ് അസീമാനന്ദ എന്നത് വ്യക്തമായിട്ടുണ്ട്. കൂടാതെ വനവാസി കല്യാണ്‍ സംഘടിപ്പിച്ച പല പരിപാടികളിലും ആര്‍ എസ് എസ് നേതാക്കള്‍ പങ്കെടുക്കുയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ തീവ്രവാദത്തിന്റേയും മറ്റ് ഭീകരപ്രവര്‍ത്തനങ്ങളുടേയും നിറം മാറുന്നുവെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

രാജ്യത്ത് നേരത്തെ തന്നെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരവധി കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘടനയാണ് ആര്‍.എസ്.എസ്. എന്നാല്‍ ബോംബ് ദുരൂഹതയുടെ പുകമറയില്‍ നടക്കുന്ന ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും ഈ കറുത്ത ശക്തികള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായത് രാജ്യത്തിന് വൈകിയെങ്കിലുമുണ്ടായ വലിയൊരു തിരിച്ചറിവാണ്.

We use cookies to give you the best possible experience. Learn more