| Thursday, 21st May 2026, 9:30 pm

'ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍' ഇനി കോടതിയിലേക്കല്ല, നേരെ ബി.എസ്.എഫിന് മുമ്പിലേക്ക്; പുതിയ നിയമവുമായി അധികാരി

ആദര്‍ശ് എം.കെ.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അനധികൃതമായി പിടിക്കപ്പെടുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഇനി മുതല്‍ കോടതിയില്‍ ഹാജരാക്കില്ലെന്നും പകരം അവരെ നേരിട്ട് അതിര്‍ത്തി രക്ഷാ സേനയ്ക്ക് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് – ബി.എസ്.എഫ്) കൈമാറുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി.

മെയ് 20 ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് ഈ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി അദ്ദേഹം വ്യക്തമാക്കി

നുഴഞ്ഞുകയറ്റക്കാരെ പിടികൂടി കഴിഞ്ഞാല്‍ അവരെ കോടതി നടപടികള്‍ക്ക് വിധേയമാക്കാതെ നേരിട്ട് അതിര്‍ത്തിയിലെ ബി.എസ്.എഫ് ഔട്ട്പോസ്റ്റുകളില്‍ എത്തിച്ച് നാടുകടത്താനാണ് പുതിയ തീരുമാനം.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുകയും നീക്കം ചെയ്യുകയും നാടുകടത്തുകയും ചെയ്യുക എന്ന ‘ഡിറ്റക്ട്, ഡിലീറ്റ് ആന്‍ഡ് ഡിപോര്‍ട്ട്’ (detect, delete and deport) എന്ന വിപുലമായ പദ്ധതിയുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഹൗറ സ്റ്റേഷനിലടക്കം പിടിക്കപ്പെടുന്ന, സി.എ.എ (CAA) പ്രകാരം പൗരത്വത്തിന് അര്‍ഹതയില്ലാത്ത അനധികൃത കുടിയേറ്റക്കാരെ കോടതിയിലേക്ക് കൊണ്ടുപോകരുതെന്ന് പോലീസ് കമ്മീഷണര്‍ക്കും റെയില്‍വേ സംരക്ഷണ സേനയ്ക്കും (ആര്‍.പി.എഫ്) കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത്തരത്തില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കിയ ശേഷം അവരെ ബോംഗാവിലെ പെട്രാപോള്‍ അതിര്‍ത്തിയിലോ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബസിര്‍ഹട്ടിലെ ബി.എസ്.എഫ് ക്യാമ്പുകളിലോ എത്തിക്കണമെന്നാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി സര്‍ക്കാര്‍ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം വരുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയില്ലെങ്കിലും, 2025 ഏപ്രിലില്‍ പാര്‍ലമെന്റ് പാസാക്കിയ ‘ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ആക്ട് 2025’ നെയാണ് അദ്ദേഹം പരാമര്‍ശിച്ചതെന്ന് കരുതപ്പെടുന്നു.

പിടികൂടി കൈമാറുന്ന നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം സംബന്ധിച്ച പ്രതിവാര റിപ്പോര്‍ട്ട് ഡി.ജി.പി വഴി മുഖ്യമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു.

ഹൗറ ജില്ലാ മജിസ്ട്രേറ്റ് ഓഫീസില്‍ നടന്ന ഭരണപരമായ അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അതേസമയം, ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ആശങ്കയും പരക്കെ നിലനില്‍ക്കുന്നുണ്ട്.

നുഴഞ്ഞുകയറ്റ വിഷയത്തിന് പുറമെ, ഹൗറയിലെ കുടിവെള്ള വിതരണമടക്കമുള്ള തുടങ്ങിയ നഗരവികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.

ഒപ്പം അഴിമതി തടയുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷന്‍ ജൂണ്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.

Content Highlight: Suvendu Adhikari says Bangladeshi infiltrators will no longer be produced in court and will instead be handed over directly to the BSF

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more