| Tuesday, 4th December 2018, 10:52 am

മധ്യപ്രദേശില്‍ ഇ.വി.എം സൂക്ഷിച്ച സ്‌ട്രോങ് റൂമിന്റെ മതില്‍ തകര്‍ക്ക് അകത്തുകയറാന്‍ ശ്രമം: ആറംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ സത്‌ന ജില്ലയില്‍ ഇ.വി.എം സൂക്ഷിച്ച സ്‌ട്രോങ് റൂമിന്റെ ചുറ്റുമതിലിലേക്ക് എസ്.യു.വി ഇടിച്ചുകയറി. ഞായറാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം.

വാഹനമിടിച്ചതിനെ തുടര്‍ന്ന് മതിലിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. നവംബര്‍ 30ന് ഇതേ ചുറ്റുമതിലിന്റെ ഒരു ഭാഗം തകര്‍ക്കപ്പെട്ടതായി കണ്ടിരുന്നു.

മതിലുതകര്‍ത്ത വാഹനം പിടിച്ചെടുത്തിട്ടുണ്ടെന്നും ഇതിലുണ്ടായിരുന്ന ആറുപേരില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ മതിലുതകര്‍ത്ത് സ്‌ട്രോങ് റൂമിന്റെ പരിധിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

“കറുത്ത സ്‌കോര്‍പ്പിയോ കാര്‍ പിടിച്ചെടുക്കുകയും പ്രമോദ് യാദവ്, രുദ്ര കുശ്‌വാഹ എന്നിവരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. ” കോട്‌വാലി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള വിദ്യാധര്‍ പാണ്ഡെ പറഞ്ഞു.

Also Read:സെക്രട്ടറിയേറ്റിന് മുന്നില്‍ കിടന്ന് മരിച്ചാലും സമരത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന് എ.എന്‍ രാധാകൃഷ്ണന്‍; ശബരിമലയില്‍ ആളുകള്‍ കൂടുതലായി എത്തുന്നത് ബി.ജെ.പി പറഞ്ഞിട്ടെന്നും വിശദീകരണം

മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സി.സി.ടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നത് നേരത്തെ ഏറെ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും എ.എ.പിയും രംഗത്തുവന്നിരുന്നു.

കഴിഞ്ഞദിവസം സുരക്ഷാ വീഴ്ച സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പു കമ്മീഷനും രംഗത്തുവന്നിരുന്നു. ഒരു മണിക്കൂര്‍ നേരം സി.സി.ടി.വി പ്രവര്‍ത്തിച്ചില്ലെന്നും വൈദ്യുത തകരാറാണ് കാരണമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

8.19 മുതല്‍ 9.35 വരെ ഭോപ്പാലിലെ സ്ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായെന്നാണ് കളക്ടര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വൈദ്യുത ബന്ധം ഇല്ലാതായതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറയുന്നു.

അതുകൊണ്ട് തന്നെ ഈ സമയത്തെ റെക്കോഡിങ് ലഭ്യമാകില്ലെന്നും കളക്ടര്‍ വ്യക്തമാക്കുന്നു. ഇതിന് പുറത്ത് തന്നെ ഒരു എല്‍.ഇ.ഡി അഡീഷണല്‍ സ്‌ക്രീനും ഇന്‍വെട്ടറും ഒരു ജനറേറ്ററും സ്ഥാപിച്ചിരുന്നെന്നും എല്‍.ഇ.ഡി സ്‌ക്രീനും പ്രവര്‍ത്തന രഹിതമായെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വൈദ്യുതി ഇല്ലാത്ത സമയത്ത് ഇന്‍വെര്‍ട്ടറോ ജനറേറ്ററോ ഉപയോഗിച്ച് സി.സി.ടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

ഇതിനിടെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം സ്ട്രോങ് റൂമില്‍ എത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

മധ്യപ്രദേശിലേയും ഛത്തീസ്ഗഢിലേയും വോട്ടിങ് മെഷീനുകളെ സംബന്ധിച്ചുള്ള സുരക്ഷാ ആശങ്കകള്‍ പങ്കുവെച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

വോട്ടിങ് നടക്കുന്ന വേളയില്‍ തന്നെ പല ഇ.വി.എമ്മുകളും പ്രവര്‍ത്തന രഹിതമായിരുന്നു. അട്ടിമറി നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more