| Thursday, 8th May 2025, 2:20 pm

ജീവനക്കാരില്ല, തിരിച്ചെടുക്കുന്നു; കോന്നിയിലെ ആനക്കൂട് അപകടത്തില്‍ ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോന്നിയില്‍ ആനക്കൂട്ടിലെ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് കുട്ടി മരിച്ച സംഭവത്തില്‍ സസ്പെന്‍ഷന്‍ നേരിട്ട ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. നാല് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ വനംവകുപ്പ് പിൻവലിക്കുകയായിരുന്നു.

മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടിവരുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ കുറവ് പരിഗണിച്ചാണ് നടപടി പിന്‍വലിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു.

കടമ്പനാട് സ്വദേശി അഭിറാമാണ് ആനക്കൂട്ടിലെ അപകടത്തില്‍ മരിച്ചത്. ഫോട്ടോയെടുക്കാന്‍ നില്‍ക്കുന്നതിനിടെ ഇളകി നില്‍ക്കുകയായിരുന്ന കോണ്‍ക്രീറ്റ് തൂണ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു.

കുട്ടിയുടെ മരണത്തില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. സി.സി.എഫ് ആര്‍. കമലാഹാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവിന് പിന്നാലെ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചത്. കൂടാതെ ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയതായും മന്ത്രി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

നിലവില്‍ നടപടിയെടുത്ത് പതിമൂന്നാം ദിവസമാണ് ഉദ്യോഗസ്ഥര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ ഡി.എഫ്.ഒ, ആര്‍.എഫ്.ഒ തലത്തിലുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും ഇതുവരെ ഈ ശുപാര്‍ശ നടപ്പിലാക്കിയിട്ടില്ല.

കുടുംബത്തോടൊപ്പം ആനകളെ കാണുന്നതിനായി ആനക്കൂട്ടില്‍ എത്തിയതായിരുന്നു അഭിറാം. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അജി-ശാരി ദമ്പതികളുടെ ഏക മകനായിരുന്നു അഭിറാം. നാല് അടിയോളം ഉയരമുള്ള തൂണാണ് കുട്ടിയുടെ തലയിലേക്ക് വീണത്. തൂണിന് നല്ല കാലപ്പഴക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.

Content Highlight: Suspension of forest department officials in Konni elephant enclosure accident lifted

We use cookies to give you the best possible experience. Learn more