ബീജിങ്: ചൈനയില്‍ തൂക്കുപാലത്തിന്റെ കേബിള്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് മരണം. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് മേഖലയിലാണ് അപകടമുണ്ടായത്.
പാലത്തിന്റെ സസ്പെന്‍ഷന്‍ കേബിളുകളില്‍ ഒന്ന് പൊട്ടിയതിനെ തുടര്‍ന്ന് താഴേക്ക് വീണ അഞ്ച് പേര്‍ മരിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ബുധനാഴ്ച വൈകുന്നേരം 6.18ഓടെയാണ് അപകടം നടന്നത്. ഇലി കസാഖ് ഓട്ടോണമസ് പ്രിഫെക്ചറിലെ ഒരു വിനോദസഞ്ചാര മേഖലയിലാണ് അപകടമുണ്ടായത്.
തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ അഞ്ച് പേര്‍ മരണപ്പെടുകയായിരുന്നു. ഏകദേശം 29 പേര്‍ പാലത്തില്‍ നിന്ന് താഴേക്ക് വീണിരുന്നതായാണ് വിവരം.
നിലവില്‍ തൂക്കുപാലത്തിന്റെ കേബിള്‍ പൊട്ടിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സയ്ക്കും മറ്റും മേല്‍നോട്ടം വഹിക്കാന്‍ ചൈനീസ് ഭരണകൂടം ഒരു ടാസ്‌ക് ഫോഴ്‌സിനെ അപകടസ്ഥലത്തേക്ക് അയച്ചതായും സിന്‍ഹുവ പറയുന്നു.
ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റെ വര്‍ക്ക് സേഫ്റ്റി കമ്മിറ്റി ഓഫീസും സാംസ്‌കാരിക/ടൂറിസ മന്ത്രാലയവും നാഷണല്‍ ഫോറസ്ട്രി ആന്‍ഡ് ഗ്രാസ്ലാന്‍ഡ് അഡ്മിനിസ്‌ട്രേഷനുമായി ചേര്‍ന്നാണ് കമ്മിറ്റി രൂപീകരിച്ചത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അപകടമുണ്ടായ മേഖലയില്‍ ഇപ്പോള്‍ പ്രവേശന വിലക്കുണ്ട്. 2024 ജൂണ്‍ 19 നും ചൈനയില്‍ സമാനമായ അപകടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജിയാങ്ജുന്‍ പാലത്തിന്റെ കേബിള്‍ പൊട്ടിയതിനെ തുടര്‍ന്ന് ടേക്ക് ചരിഞ്ഞതോടെ അപകടമുണ്ടാകുകയായിരുന്നു.
Content Highlight: Five dead, 24 injured after suspension bridge cable breaks in China