| Friday, 7th March 2025, 9:35 am

മുന്‍ മലപ്പുറം എസ്.പി സുജിത് ദാസിനെതിരായ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ മലപ്പുറം എസ്.പി സുജിത് ദാസിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും സുജിത്തിന് അടുത്ത പോസ്റ്റിങ് നല്‍കിയിട്ടില്ല. ആറ് മാസകാലാവധി പൂര്‍ത്തിയായതോടെയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരിക്കെയാണ് സുജിത് ദാസിനെതിരെ നടപടിയുണ്ടായത്. സുജിത് ദാസ് ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.

നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു സുജിത് ദാസിനെതിരെ നടപടിയുണ്ടായത്. സുജിത് ദാസിന്റെ ശബ്ദരേഖ ഉള്‍പ്പെടെ അന്‍വര്‍ പുറത്തുവിട്ടിരുന്നു.

മലപ്പുറം എസ്.പിയായിരിക്കെ ഔദ്യോഗിക വസതിയില്‍ നിന്ന് മരം മുറിച്ചുകടത്തിയെന്ന ആരോപണമാണ് എസ്.പിക്കെതിരെ അന്‍വര്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് ഇതുസംബന്ധിച്ചുള്ള ഫോണ്‍ കോള്‍ ആയിരുന്നു പുറത്തുവന്നത്.

എസ്.പി ക്യാമ്പിലെ മരം മുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് പി.വി അന്‍വറിനോട് എസ്.പി സുജിത് ദാസ് പറയുന്ന ഓഡിയോ ക്ലിപ്പാണ് മുന്‍ എം.എല്‍.എ പുറത്തുവിട്ടത്.

പിന്നാലെ ഡി.ഐ.ജി. അജിതാ ബീഗം ആരോപണങ്ങളില്‍ അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറുകയാണ് ചെയ്തത്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം പൊട്ടിക്കല്‍, താനൂരിലെ കസ്റ്റഡി മരണ കേസ് തുടങ്ങിയവയിലും സുജിത് ദാസ് ആരോപണം നേരിട്ടിരുന്നു.

അതേസമയം സുജിത് ദാസിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം തുടരുന്നുണ്ട്. സസ്പെന്‍ഷന്‍ നടപടി പിന്‍വലിച്ചത് അന്വേഷണത്തെ ബാധിക്കില്ലെന്നാണ് വിവരം.

Content Highlight: Suspension against former Malappuram SP Sujith Das withdrawn

Latest Stories

We use cookies to give you the best possible experience. Learn more