| Tuesday, 11th November 2025, 10:32 am

റെഡ്‌ഫോര്‍ട്ട് സ്‌ഫോടനം: ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമറിന്റെ ചിത്രം പുറത്തുവിട്ടു; ഫരീദാബാദ് കേസുമായി ബന്ധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി റെഡ്‌ഫോര്‍ട്ടിന് സമീപമുണ്ടായ സ്‌ഫോടനം ചാവേറാക്രമണമെന്ന് പൊലീസ് സ്ഥിരീകരണം. ചാവേറായി പൊട്ടിത്തെറിച്ചെന്ന് കരുതുന്ന ഡോ. ഉമര്‍ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു.

തിങ്കളാഴ്ച വൈകുന്നേരം 6.52ന് ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം ട്രാഫിക് സിഗ്നലില്‍ വെച്ചാണ് ഹ്യുണ്ടായ് ഐ20 കാര്‍ പൊട്ടിത്തറിച്ചത്. കാറിന്റെ ഉടമ പുല്‍വാമ സ്വദേശിയായ ഒരു ഡോക്ടറാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ഒമ്പത് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് ഫരീദാബാദില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടുകയും വൈറ്റ് കോളര്‍ ഭീകരസംഘത്തെ അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവവുമായി ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസങ്ങളിലായി ഹരിയാനയിലെ ഫരീദാബാദില്‍ നിന്നും 2900 കിലോ ഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടുകയും ഡോക്ടര്‍മാരായ മുജമ്മില്‍ ഷക്കീല്‍, ആദില്‍ റാത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമെ ആയുധങ്ങളും വെടിക്കോപ്പുകളും ജമ്മു കാശ്മീര്‍, ഹരിയാന പൊലീസ് സംഘം സംയുക്തമായി കണ്ടെത്തുകയായിരുന്നു. രണ്ട് വീടുകളിലായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്.

ഫരീദാബാദിലെ അറസ്റ്റിന് പിന്നാലെ മണിക്കൂറുകള്‍ക്കകമാണ് ദല്‍ഹിയില്‍ സ്‌ഫോടനമുണ്ടായത്.

അറസ്റ്റ് വാര്‍ത്തയറിഞ്ഞ ഇതേ സംഘത്തിന്റെ ഭാഗമായ ഡോ. ഉമര്‍ മുഹമ്മദ് ദല്‍ഹിയില്‍ സ്‌ഫോടനം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഡോ. ഉമറാണെന്ന് സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് ദല്‍ഹി പൊലീസ് അറിയിച്ചു.

സ്‌ഫോടനത്തിന് വന്‍തോതില്‍ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫരീദാബാദില്‍ നിന്നും പിടികൂടിയതും അമോണിയം നൈട്രേറ്റ് ആണെന്നാണ് സൂചന. ഇത് രാജ്യത്ത് വളം നിര്‍മാണത്തിനായി ഉപയോഗിക്കുന്നതാണ്. പക്ഷെ, സ്‌ഫോടക വസ്തുക്കളുടെ നിര്‍മാണത്തിനും ഇതേ വസ്തു ഉപയോഗപ്പെടുത്താറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടനം അന്വേഷിക്കാന്‍ ദല്‍ഹി പൊലീസ്, എന്‍.ഐ.എ, എന്‍.എസ്.ജി, ഇന്റലിജന്‍സ് ബ്യൂറോ, യു.പി.എടി.എസ്, ഹരിയാന പൊലീസ്, ഗുജറാത്ത് പൊലീസ്, ഫൊറന്‍സിക് ടീമുകള്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തില്‍ ഒരു വലിയ മള്‍ട്ടി ഏജന്‍സിയാണ് നിലവില്‍ അന്വേഷണം നടത്തുന്നത്.

സ്‌ഫോടനത്തിന് ഉപയോഗിച്ച കാറിനെ സംബന്ധിച്ചും ദുരൂഹത തുടരുകയാണ്. ഗുരുഗ്രാം സ്വദേശി മുഹമ്മദ് സല്‍മാനാണ് കാറിന്റെ ആദ്യ ഉടമ.

ഇയാള്‍ കാര്‍ ദേവേന്ദ്ര എന്ന വ്യക്തിക്ക് വില്‍ക്കുകയും ഇയാള്‍ ആമിര്‍ എന്ന വ്യക്തിക്കും പിന്നീട് ഈ കാര്‍ താരിഖ് എന്ന കശ്മീര്‍ സ്വദേശിക്കും വിറ്റെന്നാണ് മൊഴികള്‍. താരിഖില്‍ നിന്നും കാര്‍ വാങ്ങിയത് ഉമറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കശ്മീരിലെ ശ്രീനഗര്‍, അനന്ത്‌നാഗ്,ഗണ്ടര്‍ബാല്‍, ഷോപിയാന്‍, ഹരിയാനയിലെ ഫരീദാബാദ് എന്നിവിടങ്ങളിയാണ് പൊലീസും രഹസ്യാന്വേഷണ ഏജന്‍സിയും റെയ്ഡുകള്‍ നടത്തിയത്.

ഇവര്‍ ‘വൈറ്റ് കോളര്‍ ഭീകരസംഘം’ എന്ന് വിശേഷിപ്പിച്ച സംഘത്തെ പിടികൂടുകയായിരുന്നു. ഈ സംഘത്തിന്റെ ഭാഗമായവര്‍ പാകിസ്ഥാനിലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

Content  Highlight: Red Fort blast: Suspected suicide bomber Dr. Umar’s picture released; Link to Faridabad case

We use cookies to give you the best possible experience. Learn more