[]സന: യെമനില്‍ വിവിധ സ്ഥലങ്ങളിലായി അല്‍ ഖ്വായ്ദ നടത്തിയ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. സൈന്യത്തെ ലക്ഷ്യമിട്ട് തെക്കന്‍ യെമനിലായിരുന്നു ആക്രമണങ്ങള്‍ നടത്തിയത്. മരിച്ചവരിലേറെയും സൈനീകരും പോലീസുകാരുമാണ്.
ഷബ്‌വ പ്രവിശ്യയിലുണ്ടായ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 38 സൈനികര്‍ കൊല്ലപ്പെട്ടു. എണ്ണപ്പാടങ്ങളുടെ സുരക്ഷാചുമതലയിലേര്‍പ്പെട്ടിരുന്ന സൈനിക ക്യാമ്പിലായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ക്യാമ്പിലേക്ക ഓടിച്ച കയറ്റുകയായിരുന്നു. സൈനീകര്‍ ഇത് പ്രതിരോധിച്ചപ്പോള്‍ ഏറ്റ്മുട്ടല്‍ ആസന്നമായി. മരണപ്പെട്ടവര്‍ക്ക് പുറമെ നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
അല്‍ നുഷൈമ നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ പത്തു സൈനികരാണ് കൊല്ലപ്പെട്ടത്. സൈനിക ചെക്ക്‌പോസ്റ്റിലേയ്ക്ക് വാഹനം ഓടിച്ചുകയറ്റി സ്‌ഫോടനം നടത്താനുള്ള ശ്രമത്തിനിടെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
ഇവിടെ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയുള്ള മൈഫയിലെ പ്രത്യേക പോലീസ് സേനയുടെ ക്യാമ്പിനുനേരെയാണ് മൂന്നാമത്തെ ആക്രമണമുണ്ടായത്.
തോക്കുധാരികളായ തീവ്രവാദികള്‍ നടത്തിയ വെടിവെയ്പിലാണ് 10 സൈനികര്‍ കൊല്ലപ്പെട്ടത്. ഇവര്‍ പിന്നീട് സൈനിക വാഹനം തട്ടിയെടുത്ത് രക്ഷപെടുകയും ചെയ്തു.
ഷാബ്‌വ പ്രവിശ്യയില്‍ അല്‍ ഖ്വായ്ദക്കാരെന്നു സംശയിക്കുന്നവര്‍ സഞ്ചരിച്ച വാഹനത്തിനു നേരെ അമേരിക്കയുടെ ആളില്ലാ വിമാനങ്ങള്‍ ആക്രമണം നടത്തിയിരുന്നു.
ഇതിന് തൊട്ടു പിറകെയാണ് സൈനിക ക്യാമ്പുകള്‍ക്ക് നേരെ ചാവേറാക്രമണമുണ്ടായത്.അല്‍-ക്വയ്ദ തീവ്രവാദികള്‍ക്കെതിരേ യെമന്‍ ശക്തമായ സൈനിക നടപടി സ്വീകരിച്ച് വരവെയാണ് തിരിച്ചടിയെന്നോണം ആക്രമണങ്ങള്‍ നടന്നത്.