| Monday, 16th June 2025, 1:37 pm

മിനസോട്ടയില്‍ ഡെമോക്രാറ്റിക് പ്രതിനിധിയേയും പങ്കാളിയെയും വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: യു.എസിലെ മിനസോട്ടയില്‍ ഡെമോക്രാറ്റിക് പ്രതിനിധിയേയും പങ്കാളിയെയും വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. വാന്‍സ് ബോല്‍ട്ടര്‍ എന്ന 57കാരനെയാണ് യു.എസ് പൊലീസ് പിടികൂടിയത്. ഇന്നലെ (ഞായര്‍)യാണ് ഇയാള്‍ അറസ്റ്റിലായത്.

‘തിന്മയുടെ മുഖം. നിരന്തരവും ദൃഢനിശ്ചയത്തോടെയുമുള്ള പ്രവര്‍ത്തനത്തിന് ശേഷം, കൊലയാളി ഇപ്പോള്‍ കസ്റ്റഡിയിലാണ്,’ റാംസി കൗണ്ടി ഷെരീഫ് ഓഫീസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നീതി നടപ്പിലാക്കുമെന്നും ഒന്നിലധികം ഏജന്‍സികള്‍ ചേര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്നും റാംസി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

പ്രതിക്കെതിരെ കൊലപാതക്കുറ്റം ചുമത്തി കേസെടുത്തതായും അധികൃതര്‍ അറിയിച്ചു. പ്രതിയെ പിടികൂടാന്‍ ബലപ്രയോഗം നടത്തേണ്ടി വന്നിട്ടില്ലെന്നും സ്വമേധയാ കീഴടങ്ങുകയായിരുന്നുവെന്നും മിനസോട്ട സ്റ്റേറ്റ് പട്രോളിലെ ലെഫ്റ്റനന്റ് കേണല്‍ ജെറമി ഗൈഗര്‍ പറഞ്ഞു.

പ്രതിയെ പിടികൂടിയതിന് പിന്നാലെ പൊലീസിനെ പ്രശംസിച്ച് മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് രംഗത്തെത്തി. യു.എസിലെ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും വാള്‍സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ മിനസോട്ടയില്‍ നടന്നത് രാഷ്ട്രീയ പ്രേരിതമായ കൊലപാതകമാണെന്ന് സംശയിക്കുന്നതായി ടിം വാള്‍സ് പറഞ്ഞിരുന്നു.

ശനിയാഴ്ചയാണ് പ്രതി വാന്‍സ് ബോല്‍ട്ടര്‍ ഡെമോക്രാറ്റിക് പ്രതിനിധിക്ക് നേരെ വെടിയുതിര്‍ത്തത്. മിനസോട്ട സ്റ്റേറ്റ് പ്രതിനിധിയും മുന്‍ സ്റ്റേറ്റ് ഹൗസ് സ്പീക്കര്‍ കൂടിയായ മെലിസ ഹോര്‍ട്ട്മാനും പങ്കാളി മാര്‍ക്കും മിനസോട്ടയിലെ ബ്രൂക്ലിന്‍ പാര്‍ക്കിലുള്ള വീട്ടില്‍വെച്ചാണ് വെടിയേറ്റ് മരിച്ചത്.

ഇതേസമയം ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ ഹോഫ്മാനും പങ്കാളിയും ആക്രമിക്കപ്പെട്ടിരുന്നു. ഇവര്‍ക്ക് നേരെയും പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. നിലവില്‍ ഇരുവരും ചികിത്സയില്‍ തുടരുകയാണ്. പ്രതിനിധികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഗവര്‍ണര്‍ ടിം വാള്‍സ് പറഞ്ഞു.

ജോണ്‍ ഹോഫ്മാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രതിയുടെ കാറില്‍ നിന്ന് കണ്ടെത്തിയ ഒരു ലിസ്റ്റില്‍ മറ്റ് ചില ആളുകളുടെയും പേരുകളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതി ആക്രമിക്കാന്‍ ലക്ഷ്യമിട്ട വ്യക്തികളുടെ പേരുകളായിരുന്നു പട്ടികയിലുള്ളതെന്നായിരുന്നു പൊലീസിന്റെ നിഗമനം.

Content Highlight: Suspect in Minnesota lawmakers shooting, captured

We use cookies to give you the best possible experience. Learn more