ന്യൂദല്‍ഹി: ചോദ്യത്തിന് ഉത്തരമില്ലാതെ വന്നപ്പോള്‍ കേന്ദ്ര മന്ത്രി സുഷമ സ്വരാജ് തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്ന് കോണ്‍ഗ്രസ് എം.പിയായ പ്രതാപ് സിംഗ് ബജ്‌വ.
പഞ്ചാബില്‍ നിന്നുമുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമാണ് ഇദ്ദേഹം. ഇറാഖില്‍ വച്ച് 39 ഇന്ത്യക്കാരെ കാണാതായ സംഭവത്തെ കുറിച്ച് വിദേശകാര്യ മന്ത്രിയോട് ചോദിച്ചപ്പോഴായിരുന്നു എം.പിയെ ബ്ലോക്ക് ചെയ്തത്.
സുഷ്മ സ്വരാജ് തന്നെ ബ്ലോക്ക് ചെയ്തുവെന്ന് കാണിക്കുന്ന നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം എം.പി ട്വീറ്റ് ചെയ്യുകയായിരുന്നു. തന്റെ ചോദ്യം കടുത്തതായത് കൊണ്ടാകാം മന്ത്രി തന്നെ ബ്ലോക്ക് ചെയ്തതെന്ന് അദ്ദേഹം പറയുന്നു.
മൂന്നരലക്ഷത്തോളം ആളുകളാണ് സുഷമയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ട്വിറ്ററിലൂടെ ആളുകളുമായി നിരന്തരം ബന്ധപ്പെടുന്ന മന്ത്രിയാണ് സുഷ്മ എന്നാണ് ബി.ജെ.പിയും അണികളും പറയുന്നത്. ട്വിറ്ററില്‍ ആളുകള്‍ ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ മന്ത്രി വേണ്ട ഇടപെടലുകള്‍ നടത്താറുമുണ്ട്. എന്നാല്‍ അതെല്ലാം വെറും ഗിമിക്കായിരുന്നുവെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം സ്വകാര്യ അക്കൗണ്ടില്‍ ഒരാളെ ബ്ലോക്ക് ചെയ്യാന്‍ മന്ത്രിക്ക് അവകാശമുണ്ടെന്നും ഔദ്യോഗിക വിവരങ്ങള്‍ ചോദിക്കാന്‍ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുണ്ടെന്നും സുഷമാസ്വരാജിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. സുഷമാ സ്വരാജ് ബ്ലോക്ക് ചെയ്തു എന്ന് കാണിക്കാനായി എഡിറ്റ് ചെയ്ത ഫോട്ടോയാണ് പ്രതാപ് സിങ് ബജ്വ ട്വീറ്റ് ചെയ്തതെന്നാണ് ചിലര്‍ ആരോപിക്കുന്നത്.