| Tuesday, 21st July 2026, 10:00 am

ഇത് ജോൺ ഹോനായിയുടെ മ്യൂസിക് അല്ലേ എന്നാണ് ആ പാട്ട് കേട്ടപ്പോൾ ഭാര്യ ചോദിച്ചത്: സുഷിൻ ശ്യാം

നന്ദന. ടി

മഹേഷ് നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രമായ ‘പേട്രിയറ്റ്’ റിലീസിന് മുമ്പ് മുതൽ മലയാള സിനിമയിലെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്നായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയെ അണിനിരത്തിയ ചിത്രം ദേശീയ സുരക്ഷയും ചാരപ്രവർത്തനവും പ്രമേയമാക്കിയായിരുന്നു ഒരുക്കിയത്. ഇപ്പോഴിതാ ചിത്രത്തിലെ പശ്ചാത്തല സംഗീതത്തെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് സംഗീതസംവിധായകൻ സുഷിൻ ശ്യാം. ദി ക്യൂവിന്‌ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഷിൻ ശ്യാം.photo.screen grab/youtube

”പേട്രിയറ്റി’ന്റെ ടൈറ്റിൽ ട്രാക്കിൽ ഒരു റിട്രോ ബോളിവുഡ് മൂഡ് കൊണ്ടുവരാനാണ് ശ്രമിച്ചത്. അത് ഉദ്ദേശിച്ച നല്ല രീതിയിൽ തന്നെ വന്നിട്ടുണ്ട്. ദി മാൻ ഫ്രണ്ട് അങ്കിൾ എന്ന സിനിമയിലൊക്കെ ബിഗ് ബാൻഡ് ബ്രാസ് സൗണ്ട് പാറ്റേണുകൾ ഉണ്ടായിരുന്നു. അതുപോലെയൊരു സൗണ്ട് ട്രാക്ക് ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ അതിന്റെ സ്കോറിങ് ഒക്കെ ആരംഭിച്ചത്, പിന്നീട് അത് കുറച്ചുകൂടി കൊമേർഷ്യൽ സ്പേസിലേക്ക് പോവുകയായിരുന്നു. എങ്കിലും ആ ട്രാക്ക് കേൾക്കാൻ ഭയങ്കര രസമാണ്.

ആ ട്രാക്കിന്റെ ചില ഭാഗങ്ങളിൽ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ ജോൺ ഹോനായ്ക്ക് നൽകിയ പശ്ചാത്തല സംഗീതത്തിന്റെ റെഫറൻസ് ഉണ്ട്. ജോൺ ഹോനായുടെ ഐക്കോണിക് ഗിറ്റാർ ടോണിനെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇതിലും ഗിറ്റാർ ഉപയോഗിച്ചിരിക്കുന്നത്. ഈ ട്രാക്ക് കേട്ടപ്പോൾ തന്നെ എന്റെ ഭാര്യ ഉത്തര ചോദിച്ചത് ഇത് ജോൺ ഹോനായുടെ മ്യൂസിക് അല്ലേ  എന്നാണ്. സിനിമ കണ്ടുകഴിയുമ്പോൾ ഒരു റിട്രോ വൈബ് അനുഭവപ്പെടാനും, ഒരു പോയിന്റ് കഴിയുമ്പോൾ സിനിമയുടെ സ്വഭാവം മാറുന്നതിനനുസരിച്ച് അനുയോജ്യമാകാനും വേണ്ടിയാണ് ആ ട്രാക്ക് അങ്ങനെ ഡിസൈൻ ചെയ്തത്.

ഇനി മനുഷ്യൻ എന്ന പാട്ടിന്റെ കാര്യം പറയുകയാണെങ്കിൽ, മഹേഷ് അത് ഷൂട്ട് ചെയ്യുന്നതിന് മുൻപ് എന്നോട് പറഞ്ഞത് ഒരു ഇൻഫ്ലുവൻസർ ട്രാക്ക് പോലെ എല്ലാവർക്കും എൻജോയ് ചെയ്യാൻ പറ്റുന്ന ഒരു ഇലക്ട്രോണിക് സാധനം വേണം എന്നായിരുന്നു. അതിനനുസരിച്ചാണ് ആദ്യം ട്രാക്ക് ചെയ്തത്. എന്നാൽ പിന്നീട് അതിന്റെ വിഷ്വൽസ് കണ്ടപ്പോൾ സിനിമയുടെ ആകെ മൂഡുമായി അത് ചേരുന്നില്ലെന്ന് തോന്നി. പെട്ടെന്നൊരു ഐറ്റം ഡാൻസ് പ്ലേസ് ചെയുന്ന പോലെ ആകുമോ എന്നൊരു സംശയമുണ്ടായിരുന്നു. അങ്ങനെയാണ് ആ പാട്ടിനെ ‘ഡാനിയേൽ’ എന്ന കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലേക്ക് മാറ്റുന്നത്.

പിന്നീട് ഞാൻ മഹേഷിനോട് പറഞ്ഞു അതിൽ മമ്മൂക്ക തന്നെ സംസാരിച്ചാൽ നന്നായിരിക്കുമെന്ന്. വിനായകനാണ് അതിന് വരികൾ എഴുതിയത്. അതിനുമുമ്പ് ഞാൻ ചാറ്റ് ജി.പി.ടി ഒക്കെ വെച്ച് ചില വരികൾ എഴുതി നോക്കിയിരുന്നു, പക്ഷേ അത് വളരെ വൃത്തികെട്ട വരികളായിരുന്നു. പാട്ടിൽ മനുഷ്യന്റെ പോർഷൻ ഒക്കെ റീപ്പീറ്റ് ചെയ്യാമെന്ന് ഞാനാണ് നിർദേശിക്കുന്നത്. പിന്നീട റെക്കോർഡിങ്ങിൽ മമ്മൂക്കയുടെ വോയിസ് മോഡുലേഷൻ കൂടി വന്നതോടെ അതൊരു ഗംഭീര ട്രാക്കായി മാറി,’ സുഷിന് ശ്യാം പറഞ്ഞു.

മമ്മൂട്ടി. പേട്രിയറ്റ് ടൈറ്റിൽ സോങ്.photo.screen grab/youtube

Content Highlight: Sushin Shyam talks anbout songs in the movie Patriot
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more