മഹേഷ് നാരായണന്റെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മാലിക്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയുടെ സംഗീതവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരുന്നത്. ഇപ്പോള്‍ മാലിക്കിലെ തീരമേ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
തീരമേ എന്ന ഗാനത്തിന് മഹേഷ് കൊടുത്ത വിഷ്വല്‍സ് തന്നെ ഒരുപാട് സ്വാധീനിച്ചുവെന്നും ഈ പാട്ട് ഏകദേശം കമ്പോസ് ചെയ്ത് അദ്ദേഹത്തെ കേള്‍പ്പിച്ചപ്പോള്‍ തന്നെ പാട്ട് ഹിറ്റാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സുഷിന്‍ പറയുന്നു. തീരമേ എന്ന പാട്ടിന്റെ ആദ്യത്തെ പോര്‍ഷന്‍ സംഭവിക്കാന്‍ കാരണം മഹേഷാണെന്നും പാട്ടില്‍ അങ്ങനെയൊരു പോര്‍ഷന്‍ വന്നില്ലെങ്കില്‍ തന്റെ കമ്പോസിങ്ങ് പൂര്‍ണമായും മാറി പോകുമായിരുന്നുവെന്നും സുഷിന്‍ കൂട്ടിച്ചേര്‍ത്തു. പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു സുഷിന്‍ ശ്യാം.
‘ആ പാട്ടിന്റെ വിഷ്വല്‍സ് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. കാരണം അങ്ങനെയൊരു വിഷ്വലാണ് വരാന്‍ പോകുന്നതെന്ന് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. പാട്ട് റെഡിയായപ്പോള്‍ ഇതൊന്ന് കേട്ട് നോക്ക് എന്ന് പറഞ്ഞപ്പോള്‍ ‘ മച്ചാനെ ഇത് ഹിറ്റാണ്’ എന്നാണ് അവന്‍ എന്നോട് പറഞ്ഞത്. തീരമേ എന്ന പാട്ടിന്റെ തുടക്കം ഉണ്ട്, ആ ഒരു ഐഡിയ എനിക്ക് തന്നത് അവനാണ്. ലക്ഷദ്വീപില്‍ കല്യാണത്തിന് മുമ്പ് പാടുന്ന ഒരു സംഭവം ഉണ്ടെന്ന് പറഞ്ഞ് പുള്ളിയാണ് അത് പറഞ്ഞത്.
അവര്‍ അന്‍വര്‍ അലിയുമായിട്ട് ഡിസ്‌ക്കസ് ചെയ്തിട്ട് ആ വരികള്‍ നമ്മള്‍ക്ക് കിട്ടി. അങ്ങനെയാണ് എനിക്ക് തീരമേ എന്ന ഐഡിയ കിട്ടിയത്. അതില്ലായിന്നെങ്കില്‍ പാട്ട് ഇങ്ങനെയായിരിക്കില്ല വരിക. പാട്ട് ഇതേ ആയിരിക്കില്ല. ഒരു പക്ഷേ വേറേ പാട്ടിലേക്ക് പോകുമായിരുന്നു. അത് പുള്ളിയായിട്ട് ഇട്ട് തന്ന വിത്താണ്,’ സുഷിന്‍ ശ്യാം പറയുന്നു.
Content Highlight: Sushin Shyam talks about the song Theerame from the movie Malik