മധു സി. നാരായണൻ സംവിധാനം ചെയ്ത ‘കുമ്പളങ്ങി നൈറ്റ്സ്’ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. കുടുംബബന്ധങ്ങളുടെയും നഷ്ടങ്ങളുടെയും പ്രതീക്ഷയുടെയും കഥ പറഞ്ഞ ചിത്രത്തിൽ സംഗീതത്തിനും അത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകിയ ‘ചെരാതുകൾ’ എന്ന ഗാനം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച ഒന്നായിരുന്നു . പ്രത്യേകിച്ച് ഗാനത്തിലെ ‘മകനേ’ എന്ന് തുടങ്ങുന്ന ഭാഗം സിനിമയുടെ വൈകാരികതയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ആ ഭാഗം സിനിമയിൽ ഉൾപ്പെടുത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് പങ്കുവെക്കുകയായിരുന്നു സുഷിൻ ശ്യാം. ക്യൂ സ്‌റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുഷിൻ ശ്യാം.photo.screen grab/youtube
‘ചെരാതുകൾ’ എന്ന പാട്ട് ഞാൻ എപ്പോഴും ചേറിഷ് ചെയ്യുന്ന ഒന്നാണ്. പക്ഷേ സിനിമയിൽ ആ പാട്ട് ഉപയോഗിക്കണമെന്ന ആശയം എഡിറ്റർ സൈജു ശ്രീധറിന്റേതായിരുന്നു. സിനിമയുടെ തീം എങ്ങനെ ഉപയോഗിക്കണമെന്നുമൊക്കെ പറഞ്ഞുതന്നത് അദ്ദേഹമാണ്. കാരണം ഞാനും ശ്യാം പുഷ്കരനും മധു ചേട്ടനുമൊക്കെ തീം അന്വേഷിച്ച് നടക്കുമ്പോൾ സൈജു ആണ് പാട്ടിലെ ഹമ്മിങ് എടുത്ത് അദ്ദേഹത്തിന് തോന്നിയ ഇമോഷണൽ സ്പേസുകളിൽ വെച്ചുനോക്കിയത്.
‘മകനേ’ എന്ന ഭാഗം ആ പാട്ടിൽ ആദ്യം മുതൽ ഉണ്ടായിരുന്നില്ല. അത് ആരാണ് സിനിമയിലെ ആ സീനിൽ പ്ലേസ് ചെയ്തതെന്ന് ഇപ്പോൾ കൃത്യമായി ഓർമയില്ല. പക്ഷേ എങ്ങനെയോ അത് അവിടെ വന്ന് ചേർന്നപ്പോൾ ആ സീനിന്റെ ഒരു പ്രധാന മൊമെന്റായി മാറി. ആ ഭാഗം പാട്ടിൽ മറ്റെവിടെയും വരുന്നില്ല. ആ സീൻ തന്നെയാണ് സിനിമയുടെ ഹൈ പോയിന്റ് എന്നത് കൊണ്ടാണ് അത് അവിടെ ഇത്ര നന്നായി വർക്ക് ആയത്. അതുപോലെ ചില കാര്യങ്ങൾ അറിയാതെ ഇങ്ങനെ സെറ്റ് ആയി വന്നുപോവുന്നതാണ്.
‘കുമ്പളങ്ങി നൈറ്റ്സ്’ പോലൊരു സിനിമ ഇനി സംഭവിക്കുമോ എന്നറിയില്ല. അത് ഒരു വൺ-ടൈം സിനിമയാണ്. ആ സിനിമ ഉണ്ടായ സമയവും അതുണ്ടാക്കിയ സ്വാധീനവും അതിന്റെ പ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് എനിക്ക് വെറുമൊരു പ്രൈഡ് മാത്രമല്ല, ഒരു അഹങ്കാരം കൂടിയാണ്. കാലങ്ങൾ കഴിഞ്ഞാലും പുതിയ തലമുറയ്ക്കും റീ-വിസിറ്റ് ചെയ്യാൻ തോന്നുന്ന സിനിമയായിരിക്കും അത്.
അതേസമയം, സിനിമയിൽ ഞാൻ ചെയ്ത ചില ബാക്ക്ഗ്രൗണ്ട് സ്കോറുകൾ പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട്. ചില രംഗങ്ങളിൽ കോമഡി കൊണ്ടുവരാൻ ഉദ്ദേശിച്ച സ്ഥലത്തൊക്കെ സൈലൻസ് മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടായിരുന്നു . എന്നാലും ‘കുമ്പളങ്ങി നൈറ്റ്സ്’ കാലങ്ങളോളം നിലനിൽക്കുന്ന ഒരു പ്രൊജക്റ്റ് ആണ്.’ സുഷിൻ ശ്യാം പറഞ്ഞു
കുമ്പളങ്ങി നൈറ്റ്സ്.photo.scroll.in