| Monday, 21st July 2025, 8:39 am

സുഷിനും സന്തോഷ് നാരായണനും? സൂര്യ 47ന്റെ സംഗീതം വേറെ ലെവലാകുമെന്ന് ഉറപ്പായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കങ്കുവയുടെ വമ്പന്‍ പരാജയത്തിന് ശേഷം കരിയറില്‍ വലിയ മാറ്റം വരുത്തുമെന്ന് സൂര്യ പറഞ്ഞിരുന്നു. വലിയ കാലതാമസം ആവശ്യമുള്ള സിനിമകള്‍ ഒഴിവാക്കി വര്‍ഷത്തില്‍ രണ്ട് സിനിമകള്‍ എന്ന രീതിയിലാണ് സൂര്യ തന്റെ കരിയര്‍ ഇനിമുതല്‍ മുന്നോട്ടു കൊണ്ടുപോവുക. ഒന്നിനു പിന്നാലെ ഒന്ന് എന്ന നിലയില്‍ മൂന്ന് സിനിമകള്‍ പൂര്‍ത്തിയാക്കാനാണ് താരം ഉദ്ദേശിക്കുന്നത്.

റെട്രോക്ക് പിന്നാലെ ആരംഭിച്ച കറുപ്പ് ഷൂട്ട് പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. പിന്നാലെ വെങ്കി അട്‌ലൂരിക്കൊപ്പമുള്ള ചിത്രത്തില്‍ താരം ജോയിന്‍ ചെയ്തിരിക്കുകയാണ്. ഈ പ്രൊജക്ട് അവസാനിച്ചതിന് ശേഷമുള്ള ചിത്രത്തെക്കുറിച്ച് പല തരത്തിലുള്ള റൂമറുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ജിത്തു മാധവനാകും ഈ ചിത്രം ഒരുക്കുകയെന്നാണ് കേള്‍ക്കുന്നത്. ആവേശത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയനായ ജിത്തുവിനൊപ്പമുള്ള പ്രൊജക്ട് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ പിറന്നാള്‍ ദിനമായ ജൂലൈ 23ന് സൂര്യ 47 അനൗണ്‍സ് ചെയ്യുമെന്നാണ് പ്രതീക്ഷകള്‍. അടുത്ത വര്‍ഷമാകും ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുകയെന്നാണ് കേള്‍ക്കുന്നത്.

ചിത്രത്തിന്റെ സംഗീതം ആരാകുമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മലയാളത്തില്‍ സെന്‍സേഷണലായി നില്‍ക്കുന്ന സുഷിന്‍ ശ്യാമിന്റെ പേരാണ് ഇതില്‍ പ്രധാനം. ജിത്തുവിന്റെ രണ്ട് സിനിമകളിലും സുഷിനായിരുന്നു സംഗീതം നല്‍കിയത്. സൂര്യ 47ലൂടെ ഈ കോമ്പോ ഹാട്രിക്കടിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമലോകം.

തമിഴിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തമിഴ് ഫോക്ക് ശൈലിയും വെസ്‌റ്റേണ്‍ ശൈലിയും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ചുരുക്കം ചില സംഗീത സംവിധായകരിലൊരാളാണ് സന്തോഷ് നാരായണന്‍. സൂര്യ നായകനായെത്തിയ റെട്രോയിലെ സംഗീതമൊരുക്കിയത് സന്തോഷ് നാരായണനായിരുന്നു. ഇവരില്‍ ആരാകും സംഗീതമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മലയാളത്തിലെ രണ്ട് മുന്‍നിര താരങ്ങളുടെ സാന്നിധ്യം സൂര്യ 47ല്‍ ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ പേരാണ് ഏറ്റവുമധികം സാധ്യത കല്പിക്കുന്നത്. കാപ്പാന്‍ എന്ന ചിത്രത്തില്‍ സൂര്യക്കൊപ്പം മോഹന്‍ലാലും ഉണ്ടായിരുന്നു. ആസിഫ് അലിയുടെ പേരും സൂര്യ 47ല്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അണിയറപ്രവര്‍ത്തകര്‍ ഈ പ്രൊജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Sushin Shyam and Santhosh Narayanan’s name in discussion for music in Suriya 47 movie

We use cookies to give you the best possible experience. Learn more