കാഠ്മണ്ഡു: ജെന്‍ സി പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ നേപ്പാളിനെ ഇനി സുശീല കാര്‍ക്കി നയിക്കും. രാജ്യത്തെ ഇടക്കാല പ്രധാനമന്ത്രിയായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി സത്യപ്രതിജ്ഞ ചെയ്തു.
ഇന്നു (വെള്ളിയാഴ്ച) രാത്രി ഒമ്പത് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ.
ജനറേഷന്‍ സി പ്രക്ഷോഭകരും പ്രസിഡന്റ് രാം ചന്ദ്ര പൗഡലും സൈനിക മേധാവി അശോക് രാജ് സിഗ്ഡലും തമ്മില്‍ ചര്‍ച്ചചെയ്താണ് തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണ് സുശീല കാര്‍ക്കിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
അധികാരമേറ്റതിന് ശേഷം സുശീല കാര്‍ക്കര്‍ ഇടക്കാല മന്ത്രിസഭയ്ക്ക് രൂപംകൊടുത്തേക്കും.
സാമൂഹിക മാധ്യമ നിരോധനത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കും എതിരായാണ് നേപ്പാളില്‍ പ്രക്ഷോഭം ആരംഭിച്ചത്. യുവാക്കള്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ നടത്തിയ പ്രക്ഷോഭത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ താഴെ വീണിരുന്നു. സംഘര്‍ഷത്തില്‍ 50ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് ദിവസത്തെ രക്തരൂക്ഷിതമായ പ്രക്ഷോഭത്തിന് ഒടുവിലാണ് യുവജനങ്ങളുടെ ആവശ്യപ്രകാരം സുശീല കാര്‍ക്കി പ്രധാനമന്ത്രിയായത്.
നേരത്തെ,എന്‍ജിനീയര്‍ കുല്‍മന്‍ ഘുല്‍സിങ്, കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ എന്നിവരെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും ബാലേന്ദ്ര ഷാ സുശീല കാര്‍ക്കിയെ പിന്തുണച്ച് പ്രസ്താവനയിറക്കിയിരുന്നു.
അതേസമയം, നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ട ന്യായാധിപയായിരുന്നു സുശീല കാര്‍ക്കി. ഇന്ത്യയുമായി ഊഷ്മളമായ ബന്ധമാണ് കാര്‍ക്കിക്കുള്ളത്. ഉത്തര്‍പ്രദേശിലെ ബനാറസിലെ ഹിന്ദു സര്‍വകലാശാലയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയാണ് കാര്‍ക്കി.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് തനിക്ക് നല്ല മതിപ്പാണെന്ന് കഴിഞ്ഞദിവസം ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ക്കി പറഞ്ഞിരുന്നു. ഭാവിയില്‍ ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിക്കുമെന്നും കാര്‍ക്കി അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Sushila Karki sworn in as Nepal’s interim Prime Minister; country’s first female Prime Minister