| Monday, 16th March 2026, 3:29 pm

ജിതേഷിന് പകരം ഇഷാനെ ലോകകപ്പിനെടുത്തത് ഇക്കാരണം കൊണ്ട്; തുറന്നുപറഞ്ഞ് സൂര്യ

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയ്ക്ക് പകരം ഇഷാന്‍ കിഷനെ തെരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്. ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കിഷനെ ടീമിലെടുത്തതെന്നും ജിതേഷിനെ ഒഴിവാക്കിയത് വളരെ സങ്കടത്തോടെയായിരുന്നുവെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം നടത്താനും ഇടം – വലം കൈ കോമ്പിനേഷനും പരീക്ഷിക്കാനും ഒരാളെ ഒഴിവാക്കാതെ വഴിയില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു സൂര്യകുമാര്‍.

സൂര്യകുമാര്‍ യാദവ്. Photo: Crictracker/x.com

‘ഗട്ട് ഫീലിങ്ങിന്റെയും ഡാറ്റയുടെയും അടിസ്ഥാനത്തിലാണ് ഇഷാന്‍ കിഷനെ ടീമിലെടുത്തത്. ജിതേഷ് ശര്‍മയെ ഒഴിവാക്കേണ്ടി വന്നത് എന്നെ സംബന്ധിച്ച് ഏറെ സങ്കടകരമായിരുന്നു. അവന്‍ രണ്ട് വര്‍ഷത്തിനടുത്ത് ടീമിനൊപ്പമുണ്ടായിരുന്നു. അവന്‍ നന്നായി കളിക്കുന്നുമുണ്ടായിരുന്നു.

ജിതേഷ് മികച്ച രീതിയില്‍ കളിച്ചിരുന്നില്ലെങ്കില്‍ ഇത് മറ്റൊരു തരത്തിലാകുമായിരുന്നു. എന്നാല്‍, ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്ന ഒരാളെ ആവശ്യമായിരുന്നു. ഇടം – വലം കൈ കോമ്പിനേഷന്‍ പരീക്ഷിക്കാനും രണ്ട് മികച്ച വിക്കറ്റ് കീപ്പര്‍മാരെ തെരഞ്ഞെടുക്കാനും ഒരാളെ ഒഴിവാക്കേണ്ടതായി വന്നു. ജിതേഷിന് സംബന്ധിച്ച് അത് കഠിനമായിരുന്നു. പക്ഷേ, ടീമിന് പ്രാധാന്യം നല്‍കേണ്ടി വന്നു,’ സൂര്യ പറഞ്ഞു.

ഇന്ത്യയുടെ ഏഷ്യാ കപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന ജിതേഷ് ശര്‍മയെ ലോകകപ്പിന് ഉള്‍പ്പെടുത്താതിരുന്നത് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. രണ്ട് വര്‍ഷത്തിനടുത്ത് ടീമിന്റെ ഭാഗമായിരുന്ന താരത്തെ മികച്ച പ്രകടനങ്ങള്‍ നടത്തികൊണ്ടിരിക്കെയാണ് ഒഴിവാക്കിയത്. ഇതാണ് വലിയ ചര്‍ച്ചക്ക് വഴിവെച്ചത്.

ഇഷാൻ കിഷനും ജിതേഷ് ശർമയും. Photo: BCCI & Tanuj/x.com

അതേസമയം, ഇഷാന്‍ കിഷന്‍ രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. ആഭ്യന്തര ക്രിക്കറ്റ് മികവാണ് ജാര്‍ഖണ്ഡ് ക്യാപ്റ്റന് ടീമിലെത്തിച്ചത്. ഇന്ത്യന്‍ കുപ്പായത്തില്‍ മടങ്ങിയെത്തിയ താരം ലോകകപ്പില്‍ നടത്തിയത് മികച്ച പ്രകടനമാണ്.

ലോകകപ്പിന് ഇഷാന്‍ ഒമ്പത് മത്സരങ്ങളില്‍ കളിച്ച് 326 റണ്‍സെടുത്തിരുന്നു. മൂന്ന് അര്‍ധ സെഞ്ച്വറികളാണ് താരം ടൂര്‍ണമെന്റില്‍ അടിച്ചെടുത്തത്. ഈ മികവില്‍ വിക്കറ്റ് കീപ്പര്‍ ഇന്ത്യയുടെ രണ്ടാം റണ്‍ഗെറ്ററായി മാറി.

Content Highlight: Surykumar Yadav reveals the reason behind selecting Ishan Kishan over Jitesh Sharma in T20 World Cup 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more