തൊടുപുഴ: സൂര്യനെല്ലി കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനുള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്. തൊടുപുഴ സെഷന്‍സ് കോടതിയാണ് സൂര്യനെല്ലി കേസില്‍ സര്‍ക്കാരിനും കുര്യനും നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്.
കേസില്‍ പി.ജെ കുര്യനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹരജിയിലാണ് നോട്ടീസ്. മെയ് 29 ന് കേസ് വീണ്ടും പരിഗണിക്കും. ധര്‍മരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അന്ന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. []
പി.ജെ കുര്യനെതിരായി സൂര്യനെല്ലി പെണ്‍കുട്ടി ഫയല്‍ ചെയ്ത സ്വകാര്യ അന്യായം പീരുമേട് കോടതി തള്ളയിരുന്നു.
കേസില്‍ കുര്യനെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടിയുടെ ഹരജി. എന്നാല്‍ സുപ്രീം കോടതി വരെ തള്ളിയ കേസില്‍ കുര്യനെതിരെ അന്യായം ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍
കുര്യനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി ചിങ്ങവനം പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുക്കില്ലെന്നായിരുന്നു പോലീസിന്റെ മറുപടി.
കോടതി പരിഗണനയിലുള്ളതായതിനാല്‍ നിയമ തടസ്സങ്ങള്‍ ഉണ്ടെന്നും നിയമോപദേശം ലഭിച്ച ശേഷം കേസെടുക്കുമെന്നുമായിരുന്നു പോലീസ് പ്രതികരണം.
ഈ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടി കുര്യനെതിരെ സ്വകാര്യ ഹരജി ഫയല്‍ ചെയ്തത്.
പി.ജെ കുര്യനെതിരെ നിലവില്‍ എഫ്.ഐ.ആര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ പരാതി നല്‍കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ചായിരുന്നു പരാതി നല്‍കിയത്.
സൂര്യനെല്ലി കേസിലെ 34 പ്രതികള്‍ക്കും ഹൈക്കോടതി ഈ മാസം 21 ന് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ രാജു അടക്കമുള്ളവര്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
50000 രൂപയുടേയും രണ്ട് ആള്‍ ജാമ്യത്തിന്റേയും മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ സൈ്വര്യജീവിതത്തിന് ഭംഗം വരുത്തരുതെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിരുന്നു.
വിചാരണ കോടതി ശിക്ഷിച്ച പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി എട്ട് വര്‍ഷത്തിന് ശേഷം റദ്ദാക്കിയതോടെയാണ് സൂര്യനെല്ലി വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. സുപ്രീംകോടതി വിധിക്ക് ശേഷം പിജെ കുര്യന്‍ തന്നെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെണ്‍കുട്ടി ഉറച്ചു നില്‍ക്കുകയായിരുന്നു.
കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് കേസിലെ മൂന്നാം പ്രതിയായ ധര്‍മരാജന്‍ വെളിപ്പെടുത്തിയിരുന്നു. 19ാം തിയതി വൈകീട്ട് ആറരയോടെ വണ്ടിപ്പെരിയാറില്‍ നിന്ന് തന്റെ അമ്പാസിഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ്ഹൗസിലെത്തിച്ചെന്നായിയിരുന്നു ധര്‍മരാജന്റെ വെളിപ്പെടുത്തല്‍.
1996ല്‍ 42 പേര്‍ ചേര്‍ന്ന് 40 ദിവസങ്ങളിലായി 16 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്നതാണ് സൂര്യനെല്ലി കേസ്. പീഡനം നടന്നതിന് ശേഷം പത്രത്തില്‍ വന്ന പി.ജെ കുര്യന്റെ ചിത്രം കണ്ട പെണ്‍കുട്ടി കുര്യനെ തിരിച്ചറിയുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.
സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ ഇക്കാര്യം അന്വേഷിച്ചെങ്കിലും അലീബി തെളിവുകള്‍ അനുകൂലമാണന്ന് പറഞ്ഞ് കുര്യനെ ഒഴിവാക്കുകയായിരുന്നു.
പിന്നീട് പെണ്‍കുട്ടി പീരുമേട് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. പ്രഥമദൃഷട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കുര്യന്‍ മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി പി.ജെ കുര്യനെ കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു.