| Monday, 4th February 2013, 12:04 am

സൂര്യനെല്ലി: സര്‍ക്കാരിന് നിയമോപദേശം നല്‍കില്ലെന്ന് ദണ്ഡപാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ നിയമോപദേശം നല്‍കില്ലെന്ന് അഡ്വ. ജനറല്‍ ദണ്ഡപാണി. ഇതോടെ കേസില്‍ നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ തീരുമാനം അനിശ്ചിതത്വത്തിലായി.[]

നിയമോപദേശം നല്‍കാന്‍ കഴിയില്ലെന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഫയല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറിയെന്നും ദണ്ഡപാണി പറഞ്ഞു.

സൂര്യനെല്ലിക്കേസില്‍ നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

പ്രതിഭാഗത്തിന് വേണ്ടി വാദിച്ച ദണ്ഡപാണിയില്‍ നിന്ന് നിയമോപദേശം തേടുന്നത് അനുയോജ്യമല്ലെന്നായിരുന്നു പിണറായിയുടെ വാദം. എ. ജിയെ മാറ്റി നിര്‍ത്തിയാണ് നിയമോപദേശം തേടേണ്ടതെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

കേസില്‍ നേരത്തെ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറല്‍ ദണ്ഡപാണി.

സൂര്യനെല്ലി കേസില്‍ സര്‍ക്കാര്‍ നിലപാട് അറിഞ്ഞശേഷം നിയമനടപടി സ്വീകരിക്കുമെന്ന് വി.എസ് അച്യുതാനന്ദനും പറഞ്ഞു. കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സൂര്യനെല്ലിക്കേസില്‍ നിയമോപദേശം ലഭിച്ച ശേഷം തുടരന്വേഷണം വേണമോ എന്ന കാര്യത്തില്‍  തീരുമാനമെടുക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിലപാട്.

17 വര്‍ഷം മുമ്പ് നടന്ന സംഭവം പലരും അന്വേഷിച്ചതാണെന്നും വീണ്ടുമൊരു അന്വേഷണം വേണമോയൊന്ന് വിദഗ്‌ധോപദേശത്തിന് ശേഷം മാത്രമേ തീരുമാനിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന സിബി മാത്യൂസിന്റെയും കെ.കെ. ജോഷ്വായുടേയും പ്രശ്‌നത്തില്‍ ആഭ്യന്തരവകുപ്പ് ഇടപെടില്ലെന്നും കുര്യനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കരുതുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more