ടി-20 ലോകകപ്പിന് മുമ്പ് ഇന്ത്യയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെയും ആത്മവിശ്വാസം ഉയര്‍ത്തുന്നതായിരുന്നു ന്യൂസിലാന്‍ഡിനെതിരായ പരമ്പര വിജയം. അഞ്ച് മത്സരങ്ങളുടെ പരമ്പര 4-1നാണ് ഇന്ത്യ വിജയിച്ചത്.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലാം മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കാര്യവട്ടത്ത് നടന്ന അഞ്ചാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് സൂര്യയും സംഘവും തിരിച്ചടിച്ചത്.
ഇന്ത്യ ഉയര്‍ത്തിയ 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ 225ന് പുറത്താവുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ സൂര്യയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയത്. ശേഷം അത് കൃത്യമായി ഡിഫന്‍ഡ് ചെയ്യുകയും ചെയ്തു.
ഇഷാന്‍ 43 പന്തില്‍ 103 റണ്‍സടിച്ചപ്പോള്‍ 30 പന്തില്‍ 63 റണ്‍സാണ് സ്‌കൈ സ്വന്തമാക്കിയത്. ഇവര്‍ക്ക് പുറമെ 17 പന്തില്‍ 42 റണ്‍സടിച്ച ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
വിജയത്തിന് പിന്നാലെ ഇഷാന്‍ കിഷനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. സൂര്യകുമാര്‍ യാദവാണ് പരമ്പരയിലെ താരമായി മാറിയത്.
ഇതിന് പിന്നാലെ ഒരു നേട്ടവും സൂര്യ സ്വന്തമാക്കി. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയ രണ്ടാമത് താരമെന്ന നേട്ടമാണ് സ്‌കൈ സ്വന്തമാക്കിയത്. ഇത് ആറാം തവണയാണ് സൂര്യ പരമ്പരയുടെ താരമാകുന്നത്.
ഈ റെക്കോഡ് നേട്ടത്തില്‍ ഇതിഹാസ താരം വിരാട് കോഹ്‌ലിയാണ് ഒന്നാമത്. ഏഴ് തവണയാണ് വിരാട് ഈ റെക്കോഡിലെത്തിയത്.
(താരം – ടീം – ആകെ പരമ്പര – എത്ര തവണ പി.ഒ.ടി.എസ് നേടി എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഇന്ത്യ – 46 – 7
സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 27 – 6*
വാനിന്ദു ഹസരങ്ക – ശ്രീലങ്ക – 28 – 6
ബാബര്‍ അസം – പാകിസ്ഥാന്‍ – 40 – 5
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 42 – 5
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 45 – 5
ഈ വിജയത്തോടെ ലോകകപ്പിന് തൊട്ടുമുമ്പ് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും ഇന്ത്യയ്ക്ക് സാധിച്ചു. ലോകകപ്പിന് മുമ്പ് സന്നാഹ മത്സരം കൂടി ഇന്ത്യയ്ക്ക് കളിക്കാനുണ്ട്. ഫെബ്രുവരി നാലിന് നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍. നവി മുംബൈയാണ് വേദി.
Content highlight: Suryakumar Yadav won 6th player of the series award