സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ബരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സായിരുന്നു നേടിയത്.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് 74 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. ടി-20 ചരിത്രത്തില്‍ സൗത്ത് ആഫ്രിക്ക നേടുന്ന ഏറ്റവും മോശം ടോട്ടലാണിത്.
മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ 11 പന്തില്‍ ഒരു സിക്സും ഒരു ഫോറും ഉള്‍പ്പെടെ 12 റണ്‍സ് നേടിയാണ് പുറത്തായത്. ഇതോടെ ടി-20യില്‍ ഒരു വര്‍ഷം ഏറ്റവും കുറഞ്ഞ ബാറ്റിങ് ആവറേജ് നേടുന്ന മൂന്നാമത്തെ താരമായി സൂര്യ മാറിയിരുന്നു.
മാത്രമല്ല കഴിഞ്ഞ 19 ടി-20 മത്സരങ്ങളില്‍ നിന്ന് 119.35 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 222 റണ്‍സ് മാത്രാണ് സൂര്യയുടെ ബാറ്റില്‍ നിന്ന് പിറന്നത്. കൂടാതെ കഴിഞ്ഞ 19 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി നേടാന്‍ പോലും താരത്തിന് സാധിച്ചിരുന്നില്ല.
Suryakumar Yadav, Photo: Sportskeeda/x.com
എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ പ്രോട്ടിയാസിനെതിരെ വിജയം സ്വന്തമാക്കിയതോടെ ഒരു റെക്കോഡ് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ 100+ റണ്‍സിന് ഏറ്റവും കൂടുതല്‍ തവണ വിജയം സ്വന്തമാക്കിയ ക്യാപ്റ്റനാകാനാണ് സൂര്യയ്ക്ക് സാധിച്ചത്. അഞ്ച് തവണയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
സൂര്യകുമാര്‍ യാദവ് (ഇന്ത്യ) – 5
ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ) – 3
മുഹമ്മദ് നബി (അഫ്ഗാനിസ്ഥാന്‍) – 2
റോവ്മാന്‍ പവല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 2
മാത്രമല്ല ക്യാപ്റ്റന്‍ എന്ന നിലയില്‍ 34 മത്സരങ്ങളില്‍ നിന്ന് 27 വിജയവും അഞ്ച് തോല്‍വിയും രണ്ട് നോ റിസല്‍ട്ടുകളുമാണ് സൂര്യയ്ക്കുള്ളത്.
അതേസമയം സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഉയര്‍ന്ന സ്‌കോറിലെത്തിയത്. ടീമിന്റെ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടതോടെ ആറാമനായി ഇറങ്ങി 28 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്സും ഉള്‍പ്പെടെ 59 റണ്‍സാണ് താരം അടിച്ചെടുത്തത്. പുറത്താകാതെയാണ് പാണ്ഡ്യ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. 210.17 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
Content Highlight: Suryakumar Yadav, who has a poor record in batting average, has a good record in captaincy