| Sunday, 1st March 2026, 8:10 pm

ജീവന്‍മരണ പോരാട്ടത്തില്‍ ബാറ്റിങ്ങിനിറങ്ങും മുമ്പേ ഫിഫ്റ്റി; ചരിത്ര നേട്ടത്തില്‍ ഇന്ത്യന്‍ നായകന്‍

ആദർശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങിയിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസാണ് എതിരാളികള്‍.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഗ്രൂപ്പ് 1ല്‍ നിന്നും സെമി ഫൈനലില്‍ പ്രവേശിക്കാമെന്നതിനാല്‍ സൗത്ത് ആഫ്രിക്കയെ സംബന്ധിച്ചും മത്സരം നിര്‍ണായകമാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ക്യാപ്റ്റന്റെ റോളില്‍ 50ാം മത്സരത്തിനാണ് സ്‌കൈ കളത്തിലിറങ്ങുന്നത്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയെ 50 മത്സരത്തില്‍ നയിക്കുന്ന നാലാമത് ക്യാപ്റ്റന്‍ കൂടിയാണ് സൂര്യ.

ഇന്ത്യയെ 50 മത്സരത്തില്‍ നയിച്ച ക്യാപ്റ്റന്‍മാര്‍

(ബ്രാക്കറ്റില്‍ ഫോര്‍മാറ്റ്)

കപില്‍ ദേവ് (ഏകദിനം)

മുഹമ്മദ് അസറുദ്ദീന്‍ (ഏകദിനം)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഏകദിനം)

രാഹുല്‍ ദ്രാവിഡ് (ഏകദിനം)

എം.എസ്. ധോണി (ടെസ്റ്റ്, ഏകദിനം, ടി-20ഐ)

വിരാട് കോഹ്‌ലി (ടെസ്റ്റ്, ഏകദിനം, ടി-20ഐ)

രോഹിത് ശര്‍മ (ഏകദിനം, ടി-20ഐ)

സൂര്യകുമാര്‍ യാദവ് (ടി-20ഐ)

കരിയറിലെ ഏറ്റവും നിര്‍ണായക മത്സരത്തില്‍ തന്നെയാണ് കരിയറിലെ സുപ്രധാന നേട്ടത്തില്‍ സൂര്യയെത്തിയത് എന്നതും ശ്രദ്ധേയമാണ്. ഈ മത്സരത്തില്‍ വിജയിച്ച് സൂര്യയ്ക്ക് കീഴില്‍ ഇന്ത്യ സെമി ഫൈനല്‍ കളിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം, ഈ ലോകകപ്പില്‍ ഒന്നാം വിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ആദ്യമായി അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരിക്കുകയാണ്. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷായ് ഹോപ്പും റോസ്റ്റണ്‍ ചെയ്‌സും ചേര്‍ന്ന് 68 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

33 പന്തില്‍ 32 റണ്‍സ് നേടിയ ഷായ് ഹോപ്പിനെ മടക്കി വരുണ്‍ ചക്രവര്‍ത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ നേരത്തെ തന്നെ ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. വരുണ്‍ ചക്രവര്‍ത്തി റണ്‍ ഔട്ട് ശ്രമം പാഴാക്കിയതും അഭിഷേക് ശര്‍മ സിംപിള്‍ ക്യാച്ച് താഴെയിട്ടതും വിന്‍ഡീസിന് തുണയായി.

നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 99 എന്ന നിലയിലാണ് വിന്‍ഡീസ് ബാറ്റിങ് തുടരുന്നത്.

Content Highlight: Suryakumar Yadav to play 50th match as captain

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more