| Tuesday, 25th August 2026, 3:28 pm

അതിന് ശേഷം സഞ്ജുവിനോടുള്ള ബഹുമാനം കൂടുതലായി: സൂര്യകുമാര്‍ യാദവ്

സുദേവ് എ

2026 ടി-20 ലോകകപ്പിലെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകനങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ടൂര്‍ണമെന്റിന്റെ പകുതി സമയങ്ങളില്‍ ടീമിലെത്തി ടൂര്‍ണമെന്റിലെ പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയതിന്റെ ഓര്‍മകളായിരുന്നു സ്‌കൈ പങ്കുവെച്ചത്.

ലോകകപ്പിലെ പ്രകടനങ്ങള്‍ക്ക് ശേഷം സഞ്ജുവിനോടുള്ള ബഹുമാനം കൂടുതല്‍ ഉയര്‍ന്നുവെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂര്യകുമാര്‍ യാദവ്.

‘ടൂര്‍ണമെന്റിന്റെ പകുതിയില്‍ നിന്നായിരുന്നു സഞ്ജു തുടങ്ങിയത്. ഫൈനലിലും കളിച്ചുകൊണ്ട് പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആവുകയും ചെയ്തു. അദ്ദേഹത്തോട് ഇതിനോടകം തന്നെ ബഹുമാനമുണ്ടായിരുന്നു. ഇതിന് ശേഷം ആ ബഹുമാനം കൂടുതലായി,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

2026 ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ മിന്നും പ്രകടനമായിരുന്നു സഞ്ജു നടത്തിയിരുന്നത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പുറത്തിരുന്ന സഞ്ജു, നിര്‍ണായക ഘട്ടത്തില്‍ ടീമിലെത്തിയപ്പോള്‍ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ നേടിയ 97* റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.

പിന്നീട് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ 89* റണ്‍സ് വീതം നേടി പുറത്താകാതെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവായിരുന്നു ഏറ്റുവാങ്ങിയത്. മാര്‍ച്ച് മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു.

അതേസമയം 2026 ഐ.പി.എല്ലിലും സഞ്ജു മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. രാജസ്ഥാനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്ജു അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനായി മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

ഈ സീസണില്‍ 14 ഇന്നിങ്സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയും സഞ്ജു സ്വന്തമാക്കി. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.

Content Highlight: Suryakumar Yadav talks about Sanju Samson

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more