| Monday, 31st August 2026, 8:52 am

ഏറ്റവും മികച്ച ക്യാപ്റ്റന്‍ അദ്ദേഹമാണ്: സൂര്യകുമാര്‍ യാദവ്

സുദേവ് എ

ഇന്ത്യന്‍ ഇതിഹാസം രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ടി-20 നായകന്‍ സൂര്യകുമാര്‍ യാദവ്. രോഹിത് ശര്‍മയെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ എന്നാണ് സ്‌കൈ വിശേഷിപ്പിച്ചത്. 2024 ടി-20 ലോകകപ്പ് വിജയത്തില്‍ രോഹിത് വഹിച്ച പങ്കിനെക്കുറിച്ചും സൂര്യകുമാര്‍ യാദവ് സംസാരിച്ചു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുടെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു സ്‌കൈ.

‘ഞാന്‍ കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്നു രോഹിത് ശര്‍മ. താരങ്ങളോട് എങ്ങനെ സംസാരിക്കണം, എല്ലാവരെയും എങ്ങനെ പിന്തുണയ്ക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചു. ഐ.പി.എല്ലില്‍ അദ്ദേഹം ക്യാപ്റ്റനായിരുന്നപ്പോള്‍ ചെറിയ സ്‌കോറുകള്‍ പോലും ഡിഫന്‍ഡ് ചെയ്ത് ടീമിനെ വിജയിപ്പിക്കുന്നത് അത്ഭുതകരമായിരുന്നു.

2024 ലോകകപ്പില്‍ ഞങ്ങള്‍ക്ക് 30 പന്തില്‍ 30 റണ്‍സ് വേണ്ടി വന്ന സമയത്ത് എല്ലാവരും സമ്മര്‍ദത്തിലായിരുന്നു. പക്ഷെ രോഹിത് ഭായ് എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കി. അതാണ് ഞങ്ങള്‍ വിജയത്തിലെത്തിച്ചത്. ഒരു നല്ല ക്യാപ്റ്റന്‍ എങ്ങനെയാവണം എന്നതിനെക്കുറിച്ചുള്ള പല കാര്യങ്ങളും ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചു,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

2021ല്‍ വിരാട് കോഹ്‌ലിയുടെ പകരക്കാരനായാണ് രോഹിത് ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത്. രോഹിത്തിന് കീഴില്‍ 2023 ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതേ വര്‍ഷത്തില്‍ തന്നെ നടന്ന ഐ.സി.സി ഏകദിന ലോകത്തിന്റെ ഫൈനല്‍ വരെ ഇന്ത്യയെ എത്തിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. എന്നാല്‍ കലാശ പോരാട്ടത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യയ്ക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന ടി-20 ലോകകപ്പ് സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഇന്ത്യ രോഹിത്തിന്റെ കീഴില്‍ ടി-20 കിരീടം സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിലും യു.എസ്.എയിലുമായി നടന്ന ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ എത്തിയത്.

ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ലോകകപ്പ് വിജയത്തിന് പിന്നാലെ രോഹിത് ശര്‍മ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും രോഹിത്തിന്റെ കീഴില്‍ ഇന്ത്യ സ്വന്തമാക്കി. ഇത്ര മികച്ച നേട്ടങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യക്ക് നല്‍കിയിട്ടും 2027 ഐ.സി.സി ഏകദിന ലോകകപ്പിന് മുന്നോടിയായി രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. ശുഭ്മന്‍ ഗില്ലിനെയാണ് രോഹിത്തിന്റെ പകരക്കാരനായി ഇന്ത്യയുടെ ക്യാപ്റ്റനായി നിയമിച്ചത്.

അതേസമയം ക്യാപ്റ്റനായി ഇന്ത്യന്‍ ടി-20 ടീമിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ സൂര്യകുമാര്‍ യാദവിനും സാധിച്ചിട്ടുണ്ട്. 2024 ടി-20 ലോകകപ്പ് വിജയത്തിന് ശേഷം കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയുടെ പകരക്കാരനായാണ് സൂര്യകുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റനായി മാറിയത്.

ഇന്ത്യയ്ക്ക് വേണ്ടി 2025ലെ ഏഷ്യാ കപ്പും 2026ലെ ടി-20 ലോകകപ്പും നേടാന്‍ സൂര്യയ്ക്ക് സാധിച്ചു. 45 മത്സരങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ കളിച്ച സൂര്യ 37 വിജയവും ടീമിന് നേടിക്കൊടുത്തു. ആറ് തോല്‍വിയും രണ്ട് സമനിലയുമാണ് സ്‌കൈയുടെ കീഴില്‍ ഇന്ത്യ വഴങ്ങിയത്. ഇത്രയധികം നേട്ടങ്ങള്‍ നേടികൊടുത്തിട്ടും സ്‌കൈയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു. ശ്രേയസ് അയ്യരെയാണ് ടി-20യില്‍ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചത്.

Content Highlight: Suryakumar Yadav talks about Rohit Sharma captaincy

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more