ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ ടെൻഡുൽക്കറെയും രോഹിത് ശർമയെയും കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവ്. സച്ചിൻ കാരണമാണ് താൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്നാണ് സ്‌കൈ പറഞ്ഞത്.
രോഹിത്തിന്റെ കീഴിൽ ഒരുപാട് മത്സരങ്ങൾ കളിക്കാൻ തനിക്ക് സാധിച്ചുവെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ നായകൻ.
‘സച്ചിൻ സാർ കാരണമാണ് ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. കാരണം ചെറുപ്പത്തിൽ ടിവിയിൽ ഞാൻ അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. എന്നാൽ രോഹിത്തിന്റെ കീഴിൽ രോഹിത്തിനൊപ്പം ഞാൻ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്,’
ക്യാപ്റ്റനായി ഇന്ത്യൻ ടി-20 ടീമിന് മികച്ച സംഭാവനകൾ നൽകാൻ സൂര്യകുമാർ യാദവിനും സാധിച്ചിട്ടുണ്ട്. 2024 ടി-20 ലോകകപ്പ് വിജയത്തിന് ശേഷം കുട്ടിക്രിക്കറ്റിൽ നിന്നും വിരമിച്ച രോഹിത് ശർമയുടെ പകരക്കാരനായാണ് സൂര്യകുമാർ ഇന്ത്യൻ ക്യാപ്റ്റനായി മാറിയത്.
ഇന്ത്യയ്ക്ക് വേണ്ടി 2025ലെ ഏഷ്യാ കപ്പും 2026ലെ ടി-20 ലോകകപ്പും നേടാൻ സൂര്യയ്ക്ക് സാധിച്ചു. 45 മത്സരങ്ങൾ ക്യാപ്റ്റനെന്ന നിലയിൽ കളിച്ച സൂര്യ 37 വിജയവും ടീമിന് നേടിക്കൊടുത്തു.
ആറ് തോൽവിയും രണ്ട് സമനിലയുമാണ് സ്‌കൈയുടെ കീഴിൽ ഇന്ത്യ വഴങ്ങിയത്. ഇത്രയധികം നേട്ടങ്ങൾ നേടികൊടുത്തിട്ടും സ്‌കൈയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു. ശ്രേയസ് അയ്യരെയാണ് ടി-20യിൽ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായി നിയമിച്ചത്.
ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തിയ താരമാണ് സൂര്യകുമാർ യാദവ്. 179 മത്സരത്തിലെ 164 ഇന്നിങ്‌സിൽ നിന്ന് 4581 റൺസാണ് സൂര്യ നേടിയത്. എന്നാൽ 2026ലെ ഐ.പി.എല്ലിൽ സൂര്യയ്ക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലായിരുന്നു.
13 മത്സരങ്ങളിൽ നിന്ന് 270 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. 60* റൺസിന്റെ ഉയർന്ന സ്‌കോറും താരം നേടി. 20.77 ആവറേജും 147.54 സ്‌ട്രൈക്ക് റേറ്റുമാണ് സൂര്യ രേഖപ്പെടുത്തിയത്. സീസണിൽ വെറും രണ്ട് അർധ സെഞ്ച്വറി മാത്രമാണ് താരത്തിന് നേടാനായത്.
Content Highlight: Suryakumar Yadav talks about Rohit Sharma and Sachin Tendulker