ഇന്ത്യയുടെ പുതിയ ടി-20 ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ സ്ഥാനമേറ്റിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനെ മാറ്റിയാണ് ബി.സി.സി.ഐ അയ്യര്‍ക്ക് അവസരം നല്‍കിയത്. ഇപ്പോള്‍ ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയതില്‍ പ്രതികരിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.
ശ്രേയസ് അയ്യരെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും ഞങ്ങള്‍ മുംബൈയ്ക്കും ഇന്ത്യയ്ക്കും വേണ്ടി ധാരാളം മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. മുംബൈ ടി-20 ലീഗിനിടയില്‍ സംസാരിക്കുകയായിരുന്നു താരം.
‘ശ്രേയസ് അയ്യരെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതില്‍ എനിക്ക് വളരെ സന്തോഷം. ഞങ്ങള്‍ മുംബൈയ്ക്കും ഇന്ത്യയ്ക്കും വേണ്ടി ധാരാളം മത്സരങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായി, ഇന്ത്യയ്ക്കായി തുടര്‍ച്ചയായി മൂന്ന് ടി-20 ക്യാപ്റ്റന്മാരും വന്നത് മുംബൈയില്‍ നിന്നാണ്. മുംബൈ ക്രിക്കറ്റിലുള്ള നമുക്കെല്ലാവര്‍ക്കും ഇത് വളരെ അഭിമാനകരമായ നിമിഷമാണ്,’ സൂര്യ പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായിരുന്നു സൂര്യ. ഇന്ത്യയ്ക്ക് വേണ്ടി 2025ലെ ഏഷ്യാ കപ്പും 2026ലെ ടി-20 ലോകകപ്പും നേടാന്‍ സൂര്യയ്ക്ക് സാധിച്ചു. 45 മത്സരങ്ങള്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കളിച്ച സൂര്യ 37 വിജയവും ടീമിന് നേടിക്കൊടുത്തു. ആറ് തോല്‍വിയും രണ്ട് സമനിലയുമാണ് ക്യാപ്റ്റന്‍സി കാലയളവില്‍ സൂര്യ വഴങ്ങിയത്.
അതേസമയം ഇന്ത്യയുടെ മുന്നിലുള്ളത് അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് ടി-20 പരമ്പരയും ഏഷ്യന്‍ ഗെയിംസുമാണ്. ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ശ്രേയസ് അയ്യരുടെ നിര്‍ണായക അസൈന്‍മെന്റുകളാണിവ. ഇന്ത്യയുടെ സ്‌ക്വാഡും നേരത്തെ പുറത്ത് വിട്ടുരുന്നു.
അയര്‍ലാന്‍ഡിനെതിരെ ജൂണ്‍ 26നും 28നുമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്ന് മുതല്‍ 11വരെയുള്ള അഞ്ച് ടി-20കളും ഇന്ത്യ കളിക്കും.
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.
Content highlight: Suryakumar Yadav Talking About Shreyas Iyer