| Thursday, 12th March 2026, 10:29 am

'ടീമിനായി ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം നിങ്ങള്‍ എന്നോട് പറഞ്ഞാല്‍ മതി'; സഞ്ജുവിനെ പുകഴ്ത്തി സൂര്യ

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ഐതിഹാസികമായ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യയുടെ മിന്നും വിജയത്തിന് പിന്നില്‍ മലയാളി താരം സഞ്ജു സാംസണ്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഇപ്പോള്‍ സഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാതിരുന്നിട്ടും ടീമിനോട് സഞ്ജു കാണിച്ച ആത്മാര്‍ത്ഥതയും മനോഭാവവുമാണ് ഇന്ത്യയുടെ കിരീട നേട്ടത്തില്‍ നിര്‍ണായകമായതെന്ന് സൂര്യ പറഞ്ഞു. സഞ്ജുവിനെ പോലെയുള്ള താരങ്ങളാണ് ഇന്ത്യന്‍ ടീമിന്റെ അനുഗ്രഹമെന്നും സൂര്യ പറഞ്ഞു.

‘ലോകകപ്പില്‍ ഒരു ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എല്ലാ മത്സരങ്ങളിലും കളിക്കാന്‍ അവസരം ലഭിക്കാത്ത കളിക്കാരെ കൈകാര്യം ചെയ്യുക എന്നതാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ സഞ്ജു പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല, പക്ഷേ അദ്ദേഹം ടൂര്‍ണമെന്റിനിടെ എന്നോട് ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ, ‘ടീമിനായി ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് മാത്രം നിങ്ങള്‍ എന്നോട് പറഞ്ഞാല്‍ മതി’ എന്ന്.

ഒരു ക്യാപ്റ്റനെ സംബന്ധിച്ച് ഒരു കളിക്കാരനില്‍ നിന്നുള്ള അത്തരമൊരു മനോഭാവമാണ് ഏറ്റവും വലിയ അനുഗ്രഹം. അത് സഞ്ജുവിന്റെ ഗുണമാണ്’. ഒന്നാം നമ്പര്‍ മുതല്‍ 15ാം നമ്പര്‍ വരെയുള്ള ടീമിലെ ഓരോ കളിക്കാരനും അവരുടേതായ സവിശേഷതകളുണ്ട്,’ സൂര്യ പറഞ്ഞു.

സഞ്ജു സാംസണ്‍

അതേസമയം ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.

Content Highlight: Suryakumar Yadav Talking About Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more