അഫ്ഗാനിസ്ഥാന്‍-ഹോങ് കോങ് മത്സരത്തോടെ ഏഷ്യാ കപ്പ് കൊടികയറിയിരിക്കുകയാണ്. എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത് ഇന്ത്യയും യു.എ.ഇയുമായുള്ള മത്സരത്തിനാണ്. നാളെ (ബധന്‍) നടക്കുന്ന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ശക്തമായ സ്‌ക്വാഡുമായിട്ടാണ് ഇന്ത്യ ഇത്തവണ ടൂര്‍ണമെന്റിനെത്തിയത്. ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലുമാണ് ഇന്ത്യന്‍ നിരയെ നയിക്കുന്നത്.
എന്നാല്‍ വൈസ് ക്യാപ്റ്റനായി ഗില്‍ തിരിച്ചെത്തിയതോടെ സ്‌ക്വാഡില്‍ ഇടം നേടിയ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ന്റെ സ്ഥാനം അനിശ്ചിതത്വത്തിലായിരുന്നു. നേരത്തെ ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയ സഞ്ജുവിന് പകരമായി ഗില്‍ എത്തും എന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചത്.
എന്നാല്‍ മധ്യനിരയില്‍ സഞ്ജുവിന് സ്ഥാനം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യയ്ക്കുവേണ്ടി നേരത്തെ മധ്യനിരയില്‍ കളിച്ച താരമാണ് സഞ്ജു. വിക്കറ്റ് കീപ്പര്‍ കം ഫിനിഷര്‍ റോളില്‍ സഞ്ജു കളത്തില്‍ എത്തും എന്നാണ് പല സീനിയര്‍ താരങ്ങളും പറഞ്ഞിരുന്നു.
ഇതിനെല്ലാം പുറമെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജു ഇലവനില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പറഞ്ഞ ഉത്തരമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യുന്നത്. ടൂര്‍ണമെന്റിന് മുമ്പേ ടീമുകളുമൊത്തുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സൂര്യ.
‘ഞങ്ങള്‍ സഞ്ജുവിനെ നന്നായി പരിചരിക്കുന്നുണ്ട്. നിങ്ങള്‍ പേടിക്കേണ്ടതില്ല, ഞങ്ങള്‍ ശരിയായ തീരുമാനം മാത്രമേ എടുക്കൂ,’ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് സൂര്യ ഉത്തരം പറഞ്ഞു.
നേരത്തെ ക്രിക്ക് ഇന്‍ഫോയുടെ ഒരു റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ കൂടുതല്‍ പരിഗണിക്കാന്‍ സാധ്യതയുള്ളത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയെയാണെന്നായിരുന്നു. പരിശീലന സെഷനില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മേല്‍നോട്ടത്തില്‍ ജിതേഷ് ശര്‍മ ഏറെനേരം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്തിരുന്നു. എന്നാല്‍ സൂര്യയുടെ പ്രതികരണത്തില്‍ നിന്ന് സഞ്ജു കളത്തിലിറങ്ങുമെന്ന സൂചനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
2024 ടി-20 ലോകകപ്പില്‍ സഞ്ജു സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ഒരു മത്സരം പോലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഏഷ്യാ കപ്പില്‍ താരം ഉറപ്പായും ഇലവനില്‍ ഉണ്ടാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. അനുഭവസമ്പത്തിന്റെയോ ബാറ്റിങ് കരുത്തിന്റെയോ കാര്യത്തില്‍ സഞ്ജുവിനെക്കാള്‍ ഏറെ പിന്നിലാണ് ജിതേഷ് ശര്‍മ എന്നത് മറ്റൊരു വസ്തുതയാണ്.
2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്
സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്
Content Highlight: Suryakumar Yadav Talking About Sanju Samson